ഇരട്ട ശതകത്തിനരികെ അടിച്ച് കേറി ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്‌

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഡബിള്‍ സെഞ്ച്വറി നഷ്ടമായെങ്കിലും ക്രീസ് വിട്ടത് തലയുയര്‍ത്തി.

ഇരട്ട ശതകത്തിന് പത്ത് റണ്‍സ് അകലെ നുവാന്‍ പ്രദീപിന്റെ ബോളിങ്ങില്‍ ധവാന്‍ ഉയര്‍ത്തിയടിച്ച പന്ത് മാത്യൂസ് പിടികൂടുകയായിരുന്നു.

ഏകദിന ശൈലിയിലായിരുന്നു കളിയുടെ തുടക്കം മുതല്‍ ധവാന്‍ ബാറ്റ് വീശിയത്, 168 പന്തില്‍ നിന്ന് 190 റണ്‍സ് അടിച്ചെടുത്തത്.

31 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ധവാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ടെസ്റ്റില്‍ മോശം ഫോമിനെ തുടര്‍ന്ന് ധവാനെ മാറ്റിനിര്‍ത്തിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ആദ്യം ടീമിനെ പ്രഖ്യാപിച്ചിരുന്നപ്പോഴും ധവാന് സ്ഥാനമില്ലായിരുന്നു.

എന്നാല്‍ മുരളി വിജയിക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായാണ് ധവാന് ടീമിലെത്തിയത്. ചാമ്പ്യന്‍സ് ട്രോഫിയിലെയും തുടര്‍ന്ന് വന്ന വിന്‍ഡീസ് പരമ്പരയിലേയും മികവാണ് ധവാന് തുണയായത്.

ടെസ്റ്റില്‍ ധവാന്റെ ഉയര്‍ന്ന സ്‌കോറാണ് ഇന്ന് പിറന്നത്. ഒപ്പം ടെസ്റ്റിലെ അഞ്ചാമത്തെ സെഞ്ച്വറിയും. ഒരൊറ്റ സെഷനില്‍ ഇത്രയും റണ്‍സ് കണ്ടെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറാനും ധവാനായി. 133 റണ്‍സ് നേടിയ സെവാഗാണ് മുന്നില്‍.

Top