അഹമ്മദാബാദ്: വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ടാം പതിപ്പില്‍ ഗുജറാത്ത് ജയന്റ്സിനെ ബേത് മൂണി നയിക്കും. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്നേഹ് റാണയാണ് വൈസ് ക്യാപ്റ്റന്‍. ട്വന്റി 20യില്‍ മൂന്ന് ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ടീമില്‍ ബേത് മൂണി അംഗമായിരുന്നു. ഏകദിന ലോകകപ്പും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവും ബേത് മൂണി അംഗമായ ഓസ്‌ട്രേലിയന്‍ ടീം നേടിയിട്ടുണ്ട്.
വനിതാ ഐപിഎല്ലില്‍ ക്യാപ്റ്റനാക്കുന്ന മൂന്നാമത്തെ ഓസ്ട്രേലിയന്‍ താരമാണ് മൂണി. അഷ്ലി ഗാര്‍ഡ്നര്‍ കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ജയന്റ്‌സിനെ നയിച്ചിരുന്നു. യുപി വാരിയേഴ്സിന്റെ ക്യാപ്റ്റന്‍ അലീസ ഹീലിയാണ്. വനിതാ ഐപിഎല്ലിന്റെ രണ്ടാം പതിപ്പിന് ഇനി എട്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്.
2023 ഫെബ്രുവരിയില്‍ നടന്ന ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്കായി ബേത് മൂണി തകര്‍പ്പന്‍ ബാറ്റിംഗാണ് പുറത്തെടുത്തത്. 53 പന്തുകള്‍ നേരിട്ട മൂണി 74 റണ്‍സ് നേടി പുറത്താകാതെ നിന്നു. മത്സരം 20 റണ്‍സിന് ജയിച്ച ഓസ്‌ട്രേലിയ കിരീടവും സ്വന്തമാക്കി.