തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സംസ്‌കാരസമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സംസ്‌കാരസമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മറ്റ് രാജ്യങ്ങളുമായെല്ലാം പാകിസ്ഥാന്‍ നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ് സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിസന്ധിയായിരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ എന്ത് സംഭവിച്ചാലും പാകിസ്ഥാന്റെ അതിര്‍ത്തിപ്രദേശങ്ങളെ ബാധിക്കും. അതുകൊണ്ട് സമാധാനത്തിന് വേണ്ടി അക്ഷീണപ്രയത്നത്തിലാണ് പാകിസ്ഥാന്‍. പാകിസ്ഥാന്റെ ഇപ്പോഴുള്ള ഒരേയൊരു പ്രശ്നം ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ചതാണെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ ഇന്ത്യയില്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ വരണമെന്ന് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കശ്മീര്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സഹായകരമാകില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരിച്ചത്.

നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ മാത്രമേ പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാന്‍ ഇടയുള്ളൂ എന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴത്തേക്കാള്‍ പിന്നോട്ടുപോകുമെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ബിജെപിയാണ് അധികാരത്തിലെത്തുന്നതെങ്കില്‍ കശ്മീര്‍ പ്രശ്നത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Top