പൊതുവിദ്യാഭ്യാസത്തില്‍ മികച്ച മാറ്റം; ഇന്ത്യക്ക് 50 കോടി ഡോളര്‍ വായ്പ അനുവദിച്ച് ലോകബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ 6 സംസ്ഥാനങ്ങളില്‍ പൊതു വിദ്യാഭ്യാസത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനായി ഇന്ത്യക്ക് 50 കോടി ഡോളര്‍ വായ്പ അനുവദിച്ച് ലോകബാങ്ക്. സ്‌കൂളില്‍ നിന്നു ജോലിയിലേക്ക് എന്ന രീതിയില്‍ അധ്യയനരീതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശാക്തീകരണ പദ്ധതികള്‍ക്കാണിത്. സ്‌ട്രെങ്തനിങ് ടീച്ചിങ് ലേണിങ് ആന്‍ഡ് റിസല്‍റ്റ്‌സ് സ്റ്റേറ്റ്‌സ് പ്രോഗ്രാം (സ്റ്റാര്‍സ്) എന്ന പദ്ധതിക്കു കീഴിലാണ് തുക അനുവദിച്ചിരിക്കുന്നത്.

കേരളം, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 6നും 17നും ഇടയ്ക്കു പ്രായമുള്ള 25 കോടി വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നത്.

15 ലക്ഷം സ്‌കൂളുകളിലെ 10 ലക്ഷത്തിലേറെ അധ്യാപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയുള്ള സ്റ്റാര്‍സ് പദ്ധതിക്കു മുന്‍പ് പൊതു വിദ്യാഭ്യാസ നവീകരണത്തിനായി ഇന്ത്യയ്ക്ക് ലോകബാങ്ക് 300 കോടി ഡോളര്‍ അനുവദിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ 20042019 കാലയളവില്‍ ഏറെ പുരോഗതി കൈവരിച്ചതായി ലോകബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണം 21.9 കോടിയില്‍ നിന്ന് 24.8 കോടിയായി ഉയര്‍ന്നു. എങ്കിലും വിദ്യാഭ്യാസ നിലവാരത്തില്‍ കാര്യമായ മെച്ചമുണ്ടായിട്ടില്ല.

സ്റ്റാര്‍സ് പദ്ധതി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു. ഭാവിയില്‍ ആഗോളതലത്തിലുണ്ടാവുന്ന ജോലിസാധ്യതകള്‍ ഉപയോഗപ്പെടുത്താനാകും വിധമായിരിക്കും ഇത്. ഉപജില്ലാ തലം വരെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുളള പദ്ധതികള്‍ പ്രാദേശിക തലത്തില്‍ ആവിഷ്‌കരിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവരുടെയും പ്രത്യേകിച്ച് രക്ഷിതാക്കളുടെയും ആവശ്യങ്ങള്‍ മനസിലാക്കി പട്ടികവിഭാഗം, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കിയുള്ള പദ്ധതികളുണ്ടാവും.

പൊതുവിദ്യാലയങ്ങളില്‍ 52 ശതമാനവും ഈ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നതു കണക്കിലെടുത്താണിത്. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പാഠ്യപദ്ധതികളിലേക്കു വിദ്യാലയങ്ങളെ മാറ്റും. ഇതിനു വേണ്ട പരിശീലനം അധ്യാപകര്‍ക്കും നല്‍കും. ആവശ്യങ്ങള്‍ പരിഗണിച്ച് വ്യക്തിഗത പരിശീലനം നല്‍കിയ പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ അധ്യാപകരെയും പങ്കാളികളാക്കും. രാജ്യത്തിന്റെ മനുഷ്യശേഷി മൂലധനം വര്‍ധിപ്പിക്കാന്‍ 1 മുതല്‍ 3 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ഭാവിയിലെ ജോലിസാധ്യതകള്‍ക്കനുസരിച്ചുള്ള പഠനരീതി ആവിഷ്‌കരിക്കും.

Top