തിരുവനന്തപുരം: ബിവ്‌റിജസില്‍ നിന്ന് വെര്‍ച്വല്‍ ക്യൂ വഴി മദ്യം വാങ്ങാനുള്ള മൊബൈല്‍ ആപ്പായ ബെവ് ക്യൂവിന്റെ സുരക്ഷാ പരിശോധന നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ഏജന്‍സി. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ (സെര്‍ട്ട് ഇന്‍ ) മേല്‍നോട്ടത്തിലാണ് ആപ്പിന്റെ സുരക്ഷാ പരിശോധന.
രാജ്യത്ത് സുരക്ഷാ പരിശോധനയുടെ സെര്‍ട്ട്ഇന്‍ അനുമതി നല്‍കിയിട്ടുള്ള രണ്ട് സ്ഥാപനങ്ങളിലൊന്നാണ് ബെവ് ക്യൂ ആപ്പിന്റെ സുരക്ഷാ പരിശോധന നടത്തുന്നത്. ഇതു വിജയിച്ചാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്യും. ആപ് പൂര്‍ണ സജ്ജമാക്കി ഈയാഴ്ച തന്നെ മദ്യവിതരണം ആരംഭിക്കാനുള്ള ശ്രമങ്ങളാണ് ഊര്‍ജിതമായി തുടരുന്നത്.
സെക്യൂരിറ്റി ടെസ്റ്റ്, ലോഡ് ടെസ്റ്റ്, വെര്‍ണബിലിറ്റി ടെസ്റ്റ് എന്നീ മൂന്നു പരിശോധനകള്‍ പൂര്‍ത്തിയാക്കണം. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ആപ് ഉപയോഗിക്കുമോ, പുറത്തുനിന്നുള്ള സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമോ, എത്ര പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാന്‍ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
ആപ്പിന്റെ സെര്‍വര്‍ ശക്തിപ്പെടുത്താനുള്ള ജോലികളും നടക്കുന്നു. ഗൂഗിളിന്റെ അനുമതി ലഭിക്കാന്‍ ഒരാഴ്ചവരെ സമയമെടുക്കും. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സിക്കു വേണ്ടിയുള്ള ആപ്പായതിനാല്‍ അനുമതി വേഗം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 35 ലക്ഷം പേര്‍ ഒരേസമയം ഉപയോഗിച്ചാലും ആപ്പിനു തകരാറുണ്ടാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ആദ്യഘട്ടത്തില്‍ ഉപഭോക്താക്കളല്ലാത്തവരും ആപ് സന്ദര്‍ശിക്കാനുള്ള സാധ്യതയാണ് സര്‍ക്കാരും കമ്പനിയും കാണുന്നത്. അതിനാലാണ് സെര്‍വര്‍ ശക്തിപ്പെടുത്തുന്നത്. എല്ലാ വിധത്തിലും സജ്ജരായിരിക്കണമെന്ന സന്ദേശമാണ് ആപ് തയാറാക്കിയ ഫെയര്‍കോഡ് സ്റ്റാര്‍ട്അപിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.