തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ അടച്ചുപൂട്ടി സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം.
ബാര്‍ കോഴ-സോളാര്‍ വിവാദങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കാനും പൊതുസമൂഹത്തിന്റെ പിന്‍തുണ ആര്‍ജിക്കാനും ഇത്തരമൊരു നീക്കം വഴി കഴിയുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.
മുസ്ലീംലീഗും കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ ഘടകകക്ഷികളും മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടുന്നതിന് അനുകൂലമാണ്.
ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമോ എന്ന കാര്യത്തിലും സര്‍ക്കാര്‍ തലത്തിലും മുന്നണിതലത്തിലും ഗൗരവമായ ആലോചന തുടങ്ങിയിട്ടുണ്ട്.
ലൈസന്‍സ് പുതുക്കി നല്‍കാതെ മദ്യവ്യവസായികള്‍ക്ക് തിരിച്ചടി നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമാണെങ്കിലും സര്‍ക്കാരിന് അനുകൂലമായി നിലപാടെടുത്ത ബാറുടമകളെയും നടപടി പ്രതിരോധത്തിലാക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടിയാലോചന തുടരുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ മദ്യശാലകള്‍ അടച്ച് പൂട്ടുന്നത് സ്ത്രീ സമൂഹത്തിന്റെയടക്കം വോട്ട് ലഭിക്കാന്‍ ഇടയാക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രമേശ് ചെന്നിത്തലക്കുമടക്കം ഇപ്പോള്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണെന്നാണ് ലഭിക്കുന്ന സൂചന.
നേരത്തെ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടിന് എതിരായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും.
ഒടുവില്‍ സുധീരന്‍ മാത്രം ഇക്കാര്യത്തില്‍ നേട്ടമുണ്ടാക്കുന്നത് തടയാന്‍ അവശേഷിക്കുന്ന ബാറുകള്‍ കൂടി അടച്ചുപൂട്ടാനുള്ള തീരുമാനം നാടകീയമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് യോഗത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, ബിവറേജിലെ മദ്യവില്‍പ്പന അവസാനിപ്പിക്കുന്നതോടൊപ്പം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ കൂടി സര്‍ക്കാര്‍ അടച്ച്പൂട്ടുമോയെന്ന ഭീതിയിലാണ് മദ്യവ്യവസായികള്‍.
മാര്‍ച്ചില്‍ നിലവിലെ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിനാല്‍ എക്‌സൈസ് വകുപ്പ് ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ മാത്രമേ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് പ്രവര്‍ത്തികാനാവു.