കൊച്ചി: സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബവ്‌കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഇതു സംബന്ധിച്ച ബവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്നും, വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങി തിരികെ പോകാന്‍ കഴിയുന്ന തരത്തില്‍ വാക്കിങ് ഷോപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച് നിലപാടറിക്കാന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.
ബവ്കോ ഔട്ലെറ്റുകള്‍ പരിഷ്‌ക്കരിക്കുന്നതില്‍ നയപരമായ മാറ്റം അനിവാര്യമാണെന്നും കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.