ബെവ് ക്യൂ; മദ്യവിതരണത്തിനായി തയാറാക്കിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ റെഡി

കൊല്ലം: മദ്യവിതരണത്തിനായി ബവ്‌റിജസ് കോര്‍പറേഷന്‍ തയാറാക്കിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്റെ പേര് പുറത്ത്. ബെവ് ക്യൂ എന്ന പേരിലാണ് ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാവുക. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.ആപ്ലിക്കേഷന്‍ തയാറാക്കി ഗൂഗിളിന്റെ പ്ലേസ്റ്റോറില്‍ അപ്‌ഡേറ്റ് ചെയ്യാനായി നല്‍കിയിരിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ പ്ലേ സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.

ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ആപ്ലിക്കേഷന്‍ ആപ് സ്റ്റോറില്‍ നിന്നാണു ഡൗണ്‍ലോഡ് ചെയ്യേണ്ടത്. എല്ലാ പ്ലാറ്റ്‌ഫോമിലും ആപ്ലിക്കേഷന്‍ ലഭ്യമാക്കുമെന്നു ബവ്‌കോ അധികൃതര്‍ പറഞ്ഞു. ജിപിഎസ് സംവിധാനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിയാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാര്‍, ബവ്‌കോ, കണ്‍സ്യൂര്‍ഫെഡ്, ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍നിന്ന് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ആപ്ലിക്കേഷന്‍ നല്‍കുന്നത്. ആപ്ലിക്കേഷന്‍ വഴി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാതു കേന്ദ്രങ്ങളിലെത്തിയാല്‍ മദ്യം ലഭിക്കും.

ഒരാള്‍ക്കു പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണു ലഭിക്കുക. ബാറുകളില്‍നിന്നടക്കം സര്‍ക്കാര്‍ വിലയ്ക്കു മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, ബാറിലിരുന്നു മദ്യപിക്കാന്‍ അനുമതിയില്ല, ഭക്ഷണം പാഴ്‌സലായി വാങ്ങണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Top