തിരുവനന്തപുരം: ഗൂഗിള്‍ അനുമതി കിട്ടാത്തതാണ് മദ്യവിതരണത്തിനുള്ള ബെവ് ക്യൂ മൊബൈല്‍ ആപ്ലിക്കേഷന്‍ വൈകാന്‍ കാരണമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഗൂഗിളിന്റെ അനുമതി ഉടന്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആപ്പിനുള്ള സിസ്റ്റം പൂര്‍ത്തീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ഗൂഗിള്‍ അനുമതി കിട്ടിയ ശേഷമേ ആപ്പിനുള്ള സിസ്റ്റം നടപ്പിലാക്കാന്‍ സാധിക്കൂ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് തിരക്കൊഴിവാക്കുന്നതിന് വേണ്ടിയുള്ള ഒരു വ്യവസ്ഥ നടപ്പാക്കണമെന്നും വ്യവസ്ഥ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗൂഗിള്‍ അനുമതി കിട്ടുന്നതോടെ പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവ വഴി സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം സംസ്ഥാനത്തെ 301 ബെവ്കോ ഔട്ട് ലെറ്റുകളുടെയും 550 ബാറുകളുടെയും 225 ബിയര്‍ പാര്‍ലറുകളുടെയും വിവരങ്ങളാണ് ആപ്പില്‍ സജ്ജമാക്കുന്നത്.
വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും ആപ്പില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബെവ് ക്യൂ ആപ്പ് ഒരേ സമയം 35 ലക്ഷം പേര്‍ക്ക് വരെ ഉപയോഗിക്കാനാവുമെന്നാണ് ആപ്പ് വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുളള കമ്പനിയുടെ അവകാശവാദം. പേര്, ഫോണ്‍ നമ്പര്‍, സ്ഥലം എന്നിവ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തേണ്ടത്. വ്യക്തി വിവരങ്ങള്‍ ചോദിക്കില്ല. ബാറുകളില്‍ നിന്നും ബെവ്കോയില്‍ നിന്നും മദ്യം വാങ്ങാന്‍ ആപ്പ് ഉപയോഗിക്കാം. ഒരാള്‍ക്ക് പത്തുദിവസം കൊണ്ട് മൂന്ന് ലിറ്റര്‍ വരെ മദ്യമാണ് വാങ്ങാനാവുക.