തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടാനൊരുങ്ങുന്നു. നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയുണ്ടാകും. ബെവ്‌കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധന ഉറപ്പായി.
മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്. സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടറനുസരിച്ചാണ് ഇപ്പോഴും ബെവ്‌കോക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല.
വിതരണക്കാരുടെ തുടര്‍ച്ചയായ നിവേദനങ്ങളുടെ പശ്ചാത്തലത്തില്‍ പോയവര്‍ഷം രണ്ട് തവണ ടെണ്ടര്‍ പുതുക്കാന്‍ നടപടി തുടങ്ങിയെങ്കിലും കൊവിഡ് കണക്കിലെടുത്ത് നീട്ടിവെയ്ക്കുകയായിരുന്നു. അതിനിടെ കൊവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് മദ്യത്തിന്റെ എക്‌സൈസ് നികുതി 35 ശതമാനം ഉയര്‍ത്തുകയും ചെയ്തു.