beverages corporation plea supreme court

ന്യൂഡല്‍ഹി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവില്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു.ഉത്തരവില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെടും .

ബിവറേജസ് കോര്‍പറേഷനാണ് ഹര്‍ജി നല്‍കുന്നത്. ദേശീയപാതയോരത്തെ മദ്യശാലകളില്‍ ബാറും ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യമുണ്ട്.

നേരത്തെ നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ ബാറുകളും കള്ളുഷാപ്പുകളുമുള്‍പ്പെടെ എല്ലാ മദ്യശാലകളും ദേശീയ സംസ്ഥാന പാതയോരത്ത് നിന്ന് 500 മീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നാണ് പറഞ്ഞത്.

ഇതേ തുടര്‍ന്ന് അഡ്വ.ജനറല്‍ സി.പി.സുധാകര പ്രസാദിനോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. നിയമപരമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ വ്യക്തത തേടി അഡ്വ.ജനറല്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

നേരത്തെ അസമും പുതുച്ചേരിയും മഹാരാഷ്ട്രയും അടക്കം ഒമ്പത് സംസ്ഥാനങ്ങള്‍ ഇതേ രീതിയില്‍ വിധിയില്‍ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ ഈ കേസില്‍ വിധി പറഞ്ഞ അതേ ബെഞ്ചിനോട് തന്നെ ഇക്കാര്യം പരിശോധിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം തന്നെ ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെടുന്ന പ്രത്യേക ബെഞ്ച് വിഷയം വിശദമായി പരിശോധിക്കും.

ഹര്‍ജിക്ക് അന്തിമ രൂപമായിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top