ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. ഇതിന്റെ കരടുവിജ്ഞാപനം അതോറിറ്റി പുറത്തിറക്കി.
ഗുണനിലവാരമുള്ള മദ്യം ഉത്പാദിപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള മാനദണ്ഡങ്ങളാണ് വിജ്ഞാപനത്തിലുള്ളത്. മാനദണ്ഡം നിലവില്‍ വന്നാല്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ക്ക് മദ്യ ഉത്പാദന കേന്ദ്രങ്ങള്‍ പരിശോധിക്കാനും റെയ്ഡ് ചെയ്യാനും കഴിയും.
മദ്യക്കമ്പനികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വൈന്‍ മുതലുള്ള എല്ലാ തരത്തിലുള്ള മദ്യങ്ങള്‍ക്കും വ്യക്തമായ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.
ആരോഗ്യത്തെ ബാധിക്കുന്ന രാസവസ്തുക്കളും കളറുകളും ഒഴിവാക്കാനും മാനദണ്ഡത്തില്‍ കര്‍ശന നിര്‍ദേശമുണ്ട്. ഇപ്പോള്‍ ഉപയോഗിക്കുന്ന ക്ലോറല്‍ ഹൈഡ്രേറ്റ്, അമോണിയം ക്ലോറൈഡ് തുടങ്ങിയ മാരക രാസവസ്തുക്കള്‍ മദ്യത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഇവ ഉപയോഗിക്കുന്ന മദ്യങ്ങള്‍ നിരോധിക്കണമെന്നും കരട് മാനദണ്ഡത്തില്‍ പറയുന്നു.