പരസ്യം ചെയ്യാനിറങ്ങുന്ന താരങ്ങൾ സൂക്ഷിക്കുക; പണി പാളുമെന്ന് അഡ്വ.വിനോദ് മാത്യൂ

ഫെയർനെസ് ക്രീം ഉപയോഗിച്ചതോടെ മുഖം വെളുത്ത് ഞാൻ സുന്ദരി/ സുന്ദരനായി-, ഈ കറിപൗഡർ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കൂ ആരോഗ്യം സംരക്ഷിക്കൂ, ഈ എണ്ണ ഉപയോഗിച്ച എൻ്റെ മുടി തഴച്ചു വളർന്നു, ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിച്ച് ടെലിവിഷനിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്ന സെലിബ്രേറ്റി താരങ്ങൾ ഒരു മുൻകരുതലെടുത്തോളു. ഇത് വെറും അവകാശവാദങ്ങൾ മാത്രമാണെന്ന് വ്യക്തമായാൽ നിങ്ങൾ കോടതി കയറിയിരിക്കും. കറിപൗഡറുകളിൽ മായം കലർന്നിട്ടുണ്ടെന്നുള്ള ഭക്ഷ്യ സുരക്ഷാ റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയുയർന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഇത്തരത്തിൽ ജനങ്ങളെ വഞ്ചിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം കോടിതിയിലെ അഭിഭാഷകൻ കൂടിയായ അഡ്വ.വിനോദ് മാത്യൂ വിൽസൻ.

വളരെ ഗുരുതരമായ ഒരു സാഹചര്യമാണിത്. സംസ്ഥാനത്ത് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന നിരവധി കറിപൗഡറുകളിൽ മായമുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവ വാങ്ങി ഉപയോഗിക്കണമെന്ന് ജനങ്ങളോട് പരസ്യങ്ങളിലൂടെ ആഹ്വാനം നൽകിയത് താരങ്ങളാണ്. ഇത്തരത്തിൽ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്ന പരസ്യങ്ങൾക്ക് എതിരെ ജില്ലാ ഉപഭോക്തൃ പരിഹാര കോടതികളിൽ കേസുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ താരങ്ങള്‍ വന്ന് ആവി പറക്കുന്ന കറിയും കാണിച്ച് തങ്ങള്‍ ഉപയോഗിച്ചത് ഈ ബ്രാന്‍ഡ് കമ്പനിയുടെ കറിപൗഡറാണെന്ന് പറയും സ്വാഭാവിമായി ഇതുകേട്ട് ആരാധകരും സാധാരണക്കാരും കടയില്‍ പോയി കറിപൗഡര്‍ വാങ്ങി ഉപയോഗിക്കുകയും ചെയ്യും. അമേദ്യമാണ് ഞാൻ കഴിക്കുന്നതെന്നും അതുകൊണ്ട് നിങ്ങളും അതുപയോഗിക്കണമെന്ന് ഏതെങ്കിലും താരം പറഞ്ഞാൽ അത് അക്ഷരംപ്രതി അനുസരിക്കുന്നവരാണ് ഇന്ത്യക്കാർ. അവരെ സംബന്ധിച്ച് അവർക്ക് വിശ്വാസമുള്ള ഒരാൾ ഉറപ്പു നൽകിയാൽ മതി. ഇതിൻ്റെ പേരിൽ പലരും രോഗികളായി മാറുകയാണ്. എന്നാൽ ഈ താരങ്ങൾ ഇവയൊന്നുമായിരിക്കില്ല ഉപയോഗിക്കുന്നത്. അവർ സുരക്ഷിതരായി നിന്നുകൊണ്ട് മുറ്റള്ളവരെ രോഗികളാക്കി മാറ്റുകയാണ് ഇത്തരം താരങ്ങൾ ചെയ്യുന്നത്. ഇത് അംഗീകരിക്കാനാകില്ല. അതുകൊണ്ടാണ് ഇതിനെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ തന്നെ നല്‍കിയ വിവരാവകാശ രേഖകളിലാണ് പല പ്രമുഖ ബ്രാന്‍ഡുകളും തട്ടിപ്പാണ് നടത്തുന്നതെന്ന് വ്യക്തമായത്. കിച്ചണ്‍ ട്രഷേഴ്‌സ്, ആച്ചി, ഈസ്റ്റേണ്‍, ബ്രാഹ്മിന്‍സ്, നിറപറ, സാറാസ്, കെ.പി. കറി പൗഡര്‍, എഫ്.എം, തായ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ്, ഡെവണ്‍, വിശ്വാസ്, നമ്പര്‍ വണ്‍, സൂപ്പര്‍ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ടാറ്റാ സമ്പന്‍, പാണ്ടാ, തൃപ്തി, സായ്‌കോ, മംഗള, മലയാളി, ആര്‍സിഎം റെഡ് ചില്ലിപൗഡര്‍, മേളം, സ്റ്റാര്‍ ബ്രാന്‍ഡ്, സിന്‍തൈറ്റ്, ആസ്‌കോ, കെ.കെ.ആര്‍, പവിഴം, ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്, തേജസ്, യുസിപി, ഗ്രാന്‍ഡ്മാസ്, സേവന, വിന്‍കോസ്, മോര്‍ ചോയ്‌സ്, ഡബിള്‍ ഹോഴ്‌സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീന്മൗണ്ട്, സ്വാമീസ്, കാഞ്ചന, ആല്‍ഫാ ഫുഡ്‌സ് ഫൈവ് സ്റ്റാര്‍, മലയോരം സ്‌പൈസസ്, എ വണ്‍, അരസി, അന്‍പ്, ഡേ മാര്‍ട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാന്‍ഡ്, അംന, പോപ്പുലര്‍ എന്നീ കമ്പനികളുടെ കറിപൗഡറുകളിലാണ് മായം കലര്‍ന്നിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ പരിശോധന ഫലം പുറത്തു വന്നത്.

കറി പൗഡറില്‍ മാത്രമല്ല, വെളിച്ചെണ്ണ തുടങ്ങി കുടിവെള്ളത്തില്‍ പോലും മായം കലര്‍ത്തിയാണ് വില്‍പ്പന. പല വമ്പന്‍ ബ്രാന്‍ഡുകളുടെയും സ്ഥിതി ഇതു തന്നെയാണെന്നുള്ളതും വ്യക്തമായിരുന്നു. മായം കലര്‍ത്തലില്‍ പിടിക്കപ്പെടുന്ന കമ്പനികള്‍ക്ക് കാര്യമായ ശിക്ഷയില്ലാത്തത് ഈ നിയമ ലംഘനം ആവര്‍ത്തിക്കാന്‍ കാരണമാകുന്നുവെന്ന വാദവും നിലനിൽക്കുന്നുണ്ട്. മുകളിൽ പരാമർശിച്ച പ്രമുഖ കമ്പനികളുടെ മുളകുപൊടി, കാശ്മീരി മുളകു മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല എന്നിവയിലാണ് മായമുള്ളതെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യാക്തമാക്കുന്നത്. ഇവ കൂടാതെ പവിത്രം നല്ലെണ്ണ, ആര്‍ജി ജിഞ്ചിലി ഓയില്‍, പുലരി തവിടെണ്ണ, ഈനാട് വെളിച്ചെണ്ണ, സ്റ്റാര്‍ ഓയില്‍, തങ്കം ഓയില്‍സ് എന്നീ എണ്ണ ഉത്പന്നങ്ങളും മായം കലർന്നതാണെന്നു പരിശോധനയിൽ വ്യക്തമായിരുന്നു.

Top