ശബരിമലയിലെ ഇപ്പോഴത്തെ വിവാദങ്ങളും സംഘര്‍ഷങ്ങളും സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാറിനും പറ്റിയ വീഴ്ചയുടെ ഫലമാണെന്ന് കരുതുന്നവരാണ് കേരളത്തിലെ ജനങ്ങളില്‍ നല്ലൊരു വിഭാഗവും. പ്രത്യേയശാസ്ത്ര കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തി വിശ്വാസ പ്രമാണങ്ങള്‍ പൊളിച്ചെഴുതാന്‍ ശ്രമിച്ചാല്‍ പുതിയ കാലത്ത് ‘പണി’ കിട്ടുമെന്ന് വിശ്വസിക്കുന്ന നിരവധി പാര്‍ട്ടി അനുഭാവികള്‍ സി.പി.എമ്മില്‍ തന്നെ നിരവധിയുണ്ട്.
പാര്‍ട്ടി വോട്ട് ബാങ്കില്‍ കടുത്ത അതൃപ്തി ഉണ്ടെന്ന് അറിഞ്ഞിട്ടും സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ ശക്തമായി മുന്നോട്ട് പോകുന്നതിന്റെ താല്‍പ്പര്യം പരിശോധിക്കുകയാണെങ്കില്‍ മറ്റു ചില കാര്യങ്ങളാണ് വ്യക്തമാകുക. അതില്‍ പ്രധാനം സംസ്ഥാനത്തെ രാഷ്ട്രിയ – സാമുദായിക സമവാക്യങ്ങള്‍ തന്നെയാണ്.
പരമ്പരാഗതമായി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ച് സി.പി.എമ്മിനും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് കേരളം. കേവലം ഒരു വിശ്വാസ പ്രമാണത്തില്‍ തട്ടി ഒലിച്ചുപോകുന്ന അടിത്തറയല്ല സി.പി.എമ്മിന് ഇവിടെ ഉള്ളതെന്നതും യാഥാര്‍ത്ഥ്യം തന്നെ. ഇക്കാര്യം ഏറെ ബോധ്യമുള്ളതും സി.പി.എം നേതാക്കള്‍ക്ക് തന്നെയാണ്.
വിശ്വാസമാണോ പ്രസ്ഥാനമാണോ വലുതെന്ന ചോദ്യത്തിനു മുന്നില്‍ ചെങ്കൊടി മാറോട് ചേര്‍ത്ത് പിടിച്ച ഒരു ജനതയുടെ പിന്‍ബലമാണ് സി.പി.എമ്മിന്റെ കരുത്ത്. ഈ ആത്മവിശ്വാസം തന്നെയാകാം സുപ്രീം കോടതി ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചപ്പോള്‍ റിവ്യൂ ഹര്‍ജി നല്‍കേണ്ടതില്ല എന്ന് പാര്‍ട്ടിയും സര്‍ക്കാറും തീരുമാനിച്ചതിന് പിന്നിലും.
വിഷയത്തില്‍ ആദ്യ നിലപാട് മാറ്റി യുവതീ പ്രവേശനത്തിന് എതിരായ നിലപാട് സ്വീകരിച്ച് സംഘ പരിവാര്‍ ശക്തമായ പ്രക്ഷോഭം തുടങ്ങിയപ്പോഴും സര്‍ക്കാറോ സി.പി.എമ്മോ നിലപാട് മാറ്റത്തിന് തയ്യാറായതുമില്ല. വോട്ടുകള്‍ മാത്രംഅല്ലല്ലോ , നിലപാടുകളും പ്രധാനമാണല്ലോ എന്ന് തുറന്നുപറയാന്‍ സി.പി.എം നേതാക്കള്‍ ആര്‍ജവം കാണിച്ചപ്പോള്‍ അത് ചരിത്ര പരമായ മണ്ടത്തരമായാണ് വിലയിരുത്തപ്പെട്ടത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മണ്ടന്‍മാരാകുന്നത് ആരാണ് എന്ന് സൂഷ്മമായി വിലയിരുത്തുമ്പോഴാണ് സി.പി.എമ്മിന്റെ നിലപാടിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാവുക. പിണറായി വിജയന്‍ സര്‍ക്കാറിന്റെ തുടര്‍ച്ച ആഗ്രഹിക്കുന്ന സി.പി.എം, അതിന് സംസ്ഥാനത്തെ രാഷ്ട്രീയ – സാമുദായിക ബാലന്‍സില്‍ മാറ്റം വരണമെന്നാണ് ആഗ്രഹിക്കുന്നത്.
ഒരു മുന്നണിക്കും ഭരണ തുടര്‍ച്ച ലഭിക്കാത്ത സാഹചര്യം പൊളിച്ചെഴുതാന്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ആര്‍ജജിക്കണമെന്ന കണക്കുകൂട്ടലാണ് സി.പി.എമ്മിനുള്ളത്.
ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകളില്‍ ഭൂരിപക്ഷവും യു.ഡി.എഫിനു ലഭിക്കുന്ന സാഹചര്യം ഒഴിവാക്കിയാല്‍ ഇടതിന് ഭരണ തുടര്‍ച്ച നിഷ്പ്രയാസം സാധ്യമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ശബരിമല വിഷയത്തിലെ പ്രതിഷേധം പാര്‍ട്ടിക്കൊപ്പം നിന്ന ഹിന്ദു സമുദായത്തിലെ ചെറിയ വിഭാഗത്തിന്റെ മാത്രം വോട്ടുകളേ നഷ്ടപ്പെടുത്തുകയൊള്ളൂ എന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.
ക്ഷേത്രങ്ങളില്‍ അവര്‍ണ്ണര്‍ക്ക് പ്രവേശനം നേടികൊടുക്കാന്‍ പോരാടിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൈവിടാന്‍ ഹിന്ദു സമുദായത്തിലെ പാവങ്ങള്‍ക്ക് എങ്ങനെ കഴിയുമെന്നതാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസം. തല ചായ്ക്കാന്‍ ഭൂമിയും മാന്യമായ കൂലിയും ഉള്‍പ്പെടെ തൊഴിലാളി വര്‍ഗ്ഗത്തിന് പിറന്ന മണ്ണില്‍ തലയുയര്‍ത്തി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കിയ ചെങ്കൊടി പ്രസ്ഥാനത്തെ കൈവിട്ട ഒരു കളിക്കും ഒരു വിശ്വാസിയും പോകില്ലന്ന ഉറച്ച വിശ്വാസം സി.പി.എം നേതൃത്വത്തിനുണ്ട്.
ഭൂരിപക്ഷ സമുദായത്തിലെ ഈഴവ വോട്ടുകള്‍ ഉള്‍പ്പെടെ ഉറപ്പിച്ച് നിര്‍ത്തുന്നതോടൊപ്പം പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളുടെ സമാഹരണം കൂടി ലക്ഷ്യമിട്ടാണ് ഇപ്പോള്‍ സി.പി.എമ്മും സര്‍ക്കാറും തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നത്.
ഓരോ തിരഞ്ഞെടുപ്പുകളിലും ന്യൂനപക്ഷ വോട്ടുകളുടെ എണ്ണത്തില്‍ പ്രകടമായ വ്യത്യാസവും ഈ നിക്കത്തെ അടിവരയിടുന്ന തരത്തിലാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയതില്‍ 43.48 ശതമാനം വോട്ടു കായിരുന്നു സിപിഎം അക്കൗണ്ടിലേക്ക് എത്തിയത്. യു ഡി എഫിന്റെ വോട്ടിങ് നി ല യാകട്ടെ 38.81 ശതമാനത്തില്‍ ഒതുങ്ങുകയും ചെയ്തു.
ന്യൂനപക്ഷ വോട്ടുകളുടെ എണ്ണത്തിലുണ്ടായ പ്രകടമായ മാറ്റമാണ് സിപിഎമ്മിന് കരുത്ത് പകര്‍ന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകളില്‍ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞതും ചെങ്ങന്നൂരില്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞതും ശുഭ സൂചനയായി കണ്ടാണ് പ്രാക്ടിക്കല്‍ നിലപാടുകളിലേക്ക് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ മാറിയിരിക്കുന്നത്.
വേങ്ങരയില്‍ യു.ഡി എഫിന്റെ കെ.എന്‍.എ ഖാദര്‍ വിജയിച്ചെങ്കിലും 10 ശതമാനത്തില്‍ താഴെയാണ് ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ സാധിച്ചത്. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 15 ശതമാനത്തിലധികം ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ചാണ് സമീപകാല ചെങ്ങന്നുരിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളിലും ന്യൂനപക്ഷ വോട്ടുകളുടെ വര്‍ദ്ധനവ് ക്രമപ്പെടുത്തി മുന്നോട്ട് പോകുന്നതിലും സിപിഎമ്മിന് തന്നെയാണ് പ്രാമുഖ്യം. ദേശീയ തലത്തില്‍ തന്നെ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രധാന ശത്രു മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മുമാണെന്ന് സംഘപരിവാര്‍ നേതൃത്വം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ സി.പി.എമ്മിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഏറെ കുറേ എളുപ്പമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ സ്ഥാനത്തിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൃദു സമീപനവും അഴകൊഴമ്പന്‍ നയവും സിപിഎമ്മിന് തുണച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ പേടിസ്വപ്നമായ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘപരിവാറിനെ എതിര്‍ക്കുന്ന പിണറായി സര്‍ക്കാറിനും സി.പി.എമ്മിനും അനുകൂലമായി ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഏകീകരിക്കപ്പെടുമെന്ന് തന്നെയാണ് സി.പി.എം നേതാക്കള്‍ കരുതുന്നത്.
ബി.ജെ.പി രഥയാത്രക്കൊപ്പം തന്നെ യു.ഡി.എഫും ജാഥ നടത്തിയത് ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് ഇരുവിഭാഗവുമെന്നതിന്റെ നേര്‍ക്കാഴ്ചയാണെന്നാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.
ശബരിമല വിഷയം കത്തിച്ച് നിര്‍ത്തി സംഘര്‍ഷമുണ്ടാക്കിച്ച് സംസ്ഥാന സര്‍ക്കാറിനെ കേന്ദ്രം പിരിച്ചുവിടുവിച്ചാലും പിന്നീടു നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൃഗീയ ആധിപത്യത്തോടെ അധികാരത്തില്‍ വരാന്‍ കഴിയുമെന്നാണ് ആത്മവിശ്വാസം. പിരിച്ചുവിടല്‍ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം സംസ്ഥാനത്തുണ്ടാക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. വസ്തുനിഷ്ഠമായി പരിശോധിക്കുകയാണെങ്കില്‍ പിണറായി സര്‍ക്കാറിനെതിരെ സംഘ പരിവാര്‍ സെറ്റ് ചെയ്ത അജണ്ടക്കും അപ്പുറമാണ് സി.പി.എം നടത്തുന്ന നീക്കങ്ങള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.
റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്