ബേപ്പൂര്‍ ബോട്ട് അപകടം ; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു

കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു.

കോസ്റ്റ് ഗാര്‍ഡും നാവികസേനയും മുന്നു ദിവസമായി തെരഞ്ഞിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ ജോണ്‍സണ്‍ (19), തമിഴ്‌നാട് കൊളച്ചല്‍ സ്വദേശിയായ രമ്യാസ് (50) എന്നിവരെയാണ് ഇനി കണ്ടു കിട്ടാനുള്ളത്.

ഇവര്‍ക്കായി കന്യാകുമാരിയില്‍നിന്നുളള മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. എന്നാല്‍, ഹെലികോപ്റ്റര്‍ നടത്തുന്ന പതിവ് നിരീക്ഷണം മാത്രമേ കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്തു നിന്നും ഇനി ഉണ്ടാവൂ.

ആറ് പേരാണ് അപകടം നടക്കുമ്പോള്‍ ബോട്ടിലുണ്ടായിരുന്നത്. സംഭവം നടന്നയുടന്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കാര്‍ത്തിക് (27), സേവിയര്‍ (58) എന്നിവരെ ഒരു മത്സ്യബന്ധന ബോട്ടും കോസ്റ്റ്? ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. തമിഴ്‌നാട് കൊളച്ചല്‍ സ്വദേശിയായ ബോട്ടുടമ ആന്റോ (39), തിരുവനന്തപുരം സ്വദേശിയായ പ്രിന്‍സ് (20) എന്നിവരുടെ മൃതദേഹം ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ അടുത്ത ദിവസം കണ്ടെത്തുകയും ചെയ്തിരുന്നു.

ബേപ്പൂര്‍ തുറമുഖത്തുനിന്നു 50 നോട്ടിക്കല്‍ മൈല്‍ അകലെ(ഏകദേശം നൂറ് കിലോമീറ്റര്‍) ഉള്‍ക്കടലിലാണ് ഇമ്മാനുവല്‍ എന്ന പേരിലുള്ള ബോട്ട് മുങ്ങിയത്.

Top