കോഴിക്കോട്: നിപാ ജാഗ്രതയുടെ ഭാഗമായി ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം. മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെ അടുപ്പിക്കാനോ മീന്‍ ലേലം ചെയ്യാനോ പാടില്ലെന്ന് അറിയിപ്പ്. പകരം മത്സ്യബന്ധന ബോട്ടുകള്‍ വെള്ളയില്‍ ഹാര്‍ബറില്‍ അടുപ്പിക്കുകയും മീന്‍ ലേലം നടത്തുകയും വേണമെന്നാണ് നിര്‍ദേശം.
ബേപ്പൂര്‍ മേഖലയില്‍ ഏഴ് വാര്‍ഡുകളും അടച്ചു. 43, 44, 45,46,47,48, 51 വാര്‍ഡുകളാണ് അടയ്ക്കുന്നത്. ഈ വാര്‍ഡുകളിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കാനാണ് തീരുമാനം. കോഴിക്കോട്ടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍. ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തിലുള്ള മേഖലകളാണ് അടച്ചത്.
ക്രസന്റ് ഹോസ്പിറ്റല്‍, ടിപി ഹോസ്പിറ്റല്‍, സിമന്റ് ഗോഡൗണ്‍, ബോട്ട് ജെട്ടി എന്നിവിടങ്ങളില്‍ രോഗി എത്തിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഫറൂഖ് മുനിസിപ്പാലിറ്റി പൂര്‍ണമായും അടച്ചു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജീപ്പില്‍ സഞ്ചരിച്ച് അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്.