ജോജു പ്രധാന വേഷത്തിലെത്തിയ ചിത്രം മധുരം മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. നൂറു മാര്‍ക്കിന്റെ സിനിമയാണ് മധുരം എന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. ജോജു തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടിതടിയ്ക്ക് പിറകില്‍ നിന്നുള്ള പ്രണയഭാവങ്ങള്‍ ഒരു രക്ഷയുമില്ലെന്നും അദ്ദേഹം കുറിച്ചു.
അഹമ്മദ് ഖബീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജിനൊപ്പം വലിയ താരനിര തന്നെ അണിനിരന്നിരുന്നു. ഒരു ആശുപത്രിയും അവിടത്തെ ബൈസ്റ്റാന്‍ഡേഴ്‌സിന്റെ ജീവിതത്തേയും കുറിച്ചാണ് സിനിമയില്‍ പറയുന്നത്. ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ്, അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.
ഭദ്രന്റെ കുറിപ്പ് വായിക്കാം
ഇന്നലെ രാത്രി കാനഡയിലെ എന്റെ ഒരു സുഹൃത്ത് വിളിച്ച് ‘ മധുരം ‘ സിനിമ കണ്ടിരുന്നോ? കുറേ കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ സ്വാഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു, അതിന്റെ സന്തോഷത്തിലാണ് ഞാന്‍ എന്ന് പറഞ്ഞു.
ജോജു ജോര്‍ജിന്റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്റെ വീട്ടിലെ തിയറ്ററില്‍ കണ്ട് ഇറങ്ങിയപ്പോള്‍ എനിക്കും എന്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവില്‍ തൊട്ട സ്വാദ് പോലെ തോന്നി. ഒരാശുപത്രിയിലെ ബൈസ്റ്റാന്‍ഡേഴ്‌സിന്റെ പിറകില്‍ സ്വരുക്കൂട്ടിയെടുത്ത അര്‍ത്ഥവത്തായ ഒരു തിരക്കഥ. അവിടെ വരുന്നവരുടെ പ്രിയപ്പെട്ടവരെ ചൊല്ലിയുള്ള അങ്കലാപ്പുകളും കിനാവുകളും പ്രതീക്ഷകളും ഒക്കെ കൂട്ടി കൂട്ടി ഒരു നൂറു മാര്‍ക്കിന്റെ സിനിമ
അഹമ്മദ് അഭിനന്ദനങ്ങള്‍. മേലിലും നിങ്ങളുടെ സിനിമകള്‍ക്ക് ഈ മധുരം ഉണ്ടാവട്ടെ. ജോജൂ… തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടിതടിയ്ക്ക് പിറകില്‍ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങള്‍ ഒരു രക്ഷയുമില്ല. ഇനിയും എടുത്ത് എടുത്ത് പറയേണ്ട സന്ദര്‍ഭങ്ങള്‍ നേരില്‍ കാണുമ്പോള്‍ പറയാം…