വീണ്ടും ഭാഗവത് ദേശീയ പതാക ഉയര്‍ത്താന്‍ പാലക്കാട്ട്, വെല്ലുവിളി സര്‍ക്കാരിനോട് തന്നെ

mohan bagavath

നാഗ്പൂര്‍: പിണറായി സര്‍ക്കാറിന് ഉശിരുണ്ടെങ്കില്‍ നടപടി സ്വീകരിക്കട്ടെ എന്ന് വെല്ലുവിളിച്ച് വീണ്ടും ആര്‍.എസ്.എസ്.

റിപ്പബ്ലിക് ദിനത്തിലും പാലക്കാട്ട് എത്തി ആര്‍.എസ്.എസ് തലവന്‍ സ്‌ക്കൂളില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് ആര്‍.എസ്.എസ് ദേശീയ നേതൃത്വമാണ് വ്യക്തമാക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ ഒരു എയ്ഡഡ് സ്‌കൂളില്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത് വിവാദമാവുകയും സ്‌കൂളിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വീണ്ടും ആര്‍.എസ്.എസ് മേധാവി പാലക്കാട്ട് എത്തുന്നത്.

ആര്‍.എസ്.എസ് ഉന്നത നേതാവ് ബാല്‍റാമിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് പാലക്കാട്ട് എത്തുന്നത്.

ക്യാമ്പ് നടക്കുന്ന സ്‌കുളില്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തും.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും എവിടെയാണോ ആര്‍.എസ്.എസ് മേധാവി, അവിടെ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തുന്നത് പതിവാണെന്നും ഇത്തവണയും ആ രീതിക്ക് മാറ്റമുണ്ടാകില്ലെന്നും ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ട് എത്തിയതിനാല്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഭാഗവതിന് മറ്റൊരു സംസ്ഥാനത്തായിരുന്നു നേരത്തെ പരിപാടി നിശ്ചയിച്ചിരുന്നത്.

എന്നാല്‍, കേരള സര്‍ക്കാറിന്റെ ‘പകപോക്കല്‍ ‘നിലപാട് അറിഞ്ഞതോടെ ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം ഇടപെട്ട് റിപ്പബ്ലിക്ക് ദിനത്തിലും ഭാഗവത് പാലക്കാട്ട് എത്തട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു.

താന്‍ ദേശീയ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തില്‍ ആര്‍.എസ്.എസ് മേധാവി കടുത്ത രോഷത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാലക്കാട് ജില്ലാ കളക്ടറുടെ ഉത്തരവ് മാനിക്കാതെയാണ് ഭാഗവത് സ്വാതന്ത്ര്യദിനത്തില്‍ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയിരുന്നത്.

സംഘപരിവാര്‍ ബന്ധമുള്ള മാനേജ്‌മെന്റിന്റേതാണ് ഈ സ്‌കൂള്‍.

ഇപ്പോള്‍ വീണ്ടും റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നതും പരിവാര്‍ ബന്ധമുള്ള ഭാരതീയ വിദ്യാനികേതന്റെ നിയന്ത്രണത്തിലുള്ള സ്‌കുളിലാണ്.

എയ്ഡഡ് ആയാലും അണ്‍ എയ്ഡഡ് ആയാലും ക്ഷണിച്ചാല്‍ ഏത് ഇന്ത്യന്‍ പൗരനും സ്‌ക്കൂളില്‍ ദേശീയ പതാക ഉയര്‍ത്താമെന്നതാണ് ആര്‍.എസ്.എസ് നിലപാട്.

ദേശസ്‌നേഹമില്ലാത്ത കമ്യൂണിസ്റ്റുകള്‍ ആര്‍.എസ്.എസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ലന്നും ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ വിവരമറിയുമെന്നുമാണ് മുന്നറിയിപ്പ്.

Top