തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് ആരോപിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. കോടതികള്‍ ആദ്യമേ വിധി തയാറാക്കി വെച്ചിരിക്കുകയാണ്. പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേ ഇനി അറിയാൻ ബാക്കിയുള്ളൂ. കോടതിയില്‍ ബാക്കി എല്ലാം കഴിഞ്ഞെന്നും ഇപ്പോള്‍ നടക്കുന്നത് മുഴുവൻ നാടകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഹർജിയുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടര്‍മാര്‍ അപമാനിക്കപ്പെടുകയാണ്. എന്തുകൊണ്ടാണ് പ്രോസിക്യൂട്ടര്‍മാര്‍ ഇടക്കിടക്ക് മാറുന്നതെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതരോട് ഒരു നീതി സാധാരണക്കാരോട് വേറൊരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.