ബൈച്ചിങ് ബൂട്ടിയയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

butiyaaaaa

ന്യൂഡല്‍ഹി: ബൈച്ചിങ് ബൂട്ടിയയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന. തൃണമുല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ സിക്കിമില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നത്.

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 2013-ല്‍ ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിരുന്നു.

സിക്കിമില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാനാണ് തൃണമൂല്‍ ബന്ധം അവസാനിപ്പിച്ചതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിക്കിമിന്റെ താല്‍പര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനേക്കാള്‍ വലിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതാണ് ഗുണകരമെന്നാണ് ബൂട്ടിയയുടെ അഭിപ്രായം.

104 ദിവസങ്ങള്‍ നീണ്ടുനിന്ന ഡാര്‍ജിലിംഗ് പ്രക്ഷോഭ സമയത്താണ് ബൂട്ടിയയും തൃണമൂല്‍ കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി ഗൂര്‍ഖാലാന്‍ഡ് വാദത്തിന് പിന്തുണ പ്രഖ്യാപിച്ചതായിരുന്നു പ്രശ്നം. 2014-ല്‍ ഡാര്‍ജിലിംഗ് മണ്ഡലത്തില്‍ നിന്നും അദ്ദേഹം തൃണമുല്‍ ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കേന്ദ്രമന്ത്രി എസ്.എസ്.അലുവാലിയയോട് പരാജയപ്പെടുകയായിരുന്നു.

Top