bhairava ; A film discloses the atrocities of self financing colleges

കൊച്ചി: വ്യാഴാഴ്ച റിലീസായ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്‌യുടെ ഭൈരവ സിനിമ പറയുന്നത് ക്രിമിനല്‍ സ്വാശ്രയ മാനേജുമെന്റുകളുടെ ചതിയുടെയും തട്ടിപ്പിന്റെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെയും കഥ.

ഒരു വിഭാഗം തിയേറ്റര്‍ ഉടമകളുടെ ഭീഷണികളെ അതിജീവിച്ച് 200ല്‍ അധികം തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ചൂഷണത്തിന് ഇരയായ വിദ്യാര്‍ത്ഥികളും അത് ചോദ്യം ചെയ്തതിന് മൃഗീയമായ റേപ്പിനാല്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനിയും ഇന്ന് സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിരൂപമായി വിലയിരുത്താവുന്നതാണ്.

നല്ല മാര്‍ക്കുണ്ടായിട്ടും മെറിറ്റ് ലിസ്റ്റില്‍ നിന്ന് തഴയപ്പെടുകയും പിന്നീട് വീടും സ്വത്തുക്കളും വിറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമെല്ലാം അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിന്റെ ഒരു നേര്‍കാഴ്ചയാണ് ഈ ചിത്രം.

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന് ജീവന്‍ നഷ്ടപ്പെട്ട വിവാദങ്ങള്‍ സംസ്ഥാനത്ത് സജീവമായിരിക്കെ റിലീസായ ഈ ചിത്രത്തില്‍ സമാനമായ സംഭവം ദൃശ്യവല്‍ക്കരിക്കപ്പെട്ടത് യാദൃശ്ചികമാണെങ്കിലും അത് സന്ദര്‍ഭോചിതമായി. ഒരു വിഭാഗം സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന നെറികേടുകളെക്കുറിച്ച് പൊതു സമൂഹത്തിന് അവബോധമുണ്ടാക്കുന്നതിനും ഭൈരവയും ഇപ്പോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

മാട്ടിറച്ചി വ്യാപാരത്തില്‍ തുടങ്ങി നിരവധി ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട വില്ലനെ സ്വാശ്രയ മെഡിക്കല്‍ കോളേജിന്റെ ഉടമയാക്കുക വഴി മാനേജ്‌മെന്റുകളുടെ യോഗ്യത എന്തായിരിക്കണമെന്ന ഒരു പ്രധാന ചോദ്യവും സിനിമ ഉയര്‍ത്തുന്നുണ്ട്.

തമിഴ്‌നാട്ടിലെ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠനത്തിനായി എത്തുന്ന പെണ്‍കുട്ടിയായി അഭിനയിക്കുന്ന അപര്‍ണ്ണയുടെ മാതാപിതാക്കളായി മലയാള നടന്‍ വിജയരാഘവനും സജിത മഠത്തിലുമാണ് അഭിനയിച്ചിരിക്കുന്നത്.

നായിക പ്രശസ്ത മലയാള നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മുന്‍ നായികനടി മേനകയുടെയും മകള്‍ കീര്‍ത്തി സുരേഷാണ്. അപര്‍ണയുടെ സഹപാഠിയായിട്ടാണ് കീര്‍ത്തി അഭിനയിക്കുന്നത്. ഭരതനാണ് സoവിധായകന്‍.

നെഹ്‌റു കോളേജ് അടക്കം സംസ്ഥാനത്തെ പല സ്വാശ്രയ കോളേജുകളിലും ഇടിമുറികളും ക്രമിനല്‍ പ്രവര്‍ത്തനങ്ങളും മാനേജ്‌മെന്റിന്റെ അറിവോടെ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് കൊണ്ടിരിക്കുന്ന പശ്ചാതലത്തില്‍ തികച്ചും സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെയാണ് ഭൈരവ കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് സ്‌നിമ നിരൂപകരു വിലയിരുത്തുന്നത്. ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളെല്ലാം തന്നെ ഹൗസ്ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top