കൊച്ചി: സിനിമാ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തീയറ്ററുകളില്‍ വിജയ് ചിത്രം ഭൈരവ റിലീസു ചെയ്തു.
സംസ്ഥാനത്തെ 206 ഓളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മാളുകളിലും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീയറ്ററുകളിലും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തീയറ്ററുകളും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ അംഗങ്ങളല്ലാത്ത എ ക്ലാസ് തീയറ്ററുകകളിലുമാണ് ഭൈരവ റിലീസ് ചെയ്തിരിക്കുന്നത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ അംഗങ്ങളായ ഒന്‍പതു തീയറ്ററുകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
അതേസമയം, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അംഗങ്ങളായ എ ക്ലാസ് തീയറ്ററുകള്‍ ഇന്ന് മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഫെഡറേഷനില്‍ അംഗങ്ങളായ സംസ്ഥാനത്തെ 350 തീയറ്ററുകളില്‍ 341 തീയറ്ററുകളാണ് അടഞ്ഞു കിടക്കുന്നത്. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും തങ്ങളുടെ ഈ ഒമ്പതു തീയറ്ററുകരെ മാത്രമേ സ്വാധീനിക്കാന്‍ സാധിച്ചുള്ളൂവെന്നും അതിനാല്‍ തങ്ങളുടെ അടച്ചിടല്‍ സമരം വിജയമാണെന്നുമാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത.് എന്നാല്‍, ഫെഡറേഷന്റെ കീഴിലുള്ള 30 ഓളം തീയറ്ററുകള്‍ തങ്ങളോടൊപ്പമുണ്ടെന്ന് വിതരണക്കാരും നിര്‍മാതാക്കളും അവകാശപ്പെട്ടു. ഈ തീയറ്ററുകളിലും ഭൈരവ ഉടന്‍ റിലീസ് ചെയ്യുമെന്ന് വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എം.ഹംസ പറഞ്ഞു.
എ, ബി, സി ക്ലാസ് വേര്‍തിരിവ് ഇല്ലാതെയാണ് ഭൈരവയുടെ റിലീസ് ചെയ്തിരിക്കുന്നത്. അതേസമയം, ഇന്നു റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്ന കംബോജിയുടെ റിലീസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചിരിക്കുകയാണ്. മലയാള സിനിമകള്‍ 19 മുതല്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. അന്ന് ഏതൊക്കെ ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നതെന്ന് പിന്നീട് തീരുമാനിക്കും.
റിലീസിംഗ് തീയറ്ററുകള്‍ നിശ്ചയിക്കുന്നതിന് നിര്‍മാതാക്കളും വിതരണക്കാരും അംഗങ്ങളായ കോര്‍ കമ്മറ്റി രൂപികരിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇവര്‍ തീരുമാനമെടുത്തിരുന്നു. ഭാവിയില്‍ ഈ കമ്മറ്റിക്കായിരിക്കും സിനിമ റിലീസ് ചെയ്യേണ്ട തീയറ്ററുകളെ നിശ്ചയിക്കാനുള്ള അധികാരം. ഇന്നു റിലീസ് ചെയ്യാത്ത തീയറ്ററുകള്‍ക്ക് ഇനി സിനിമകള്‍ റിലീസിന് നല്‍കണമോ എന്ന കാര്യവും ഈ കമ്മറ്റിയായിരിക്കും പരിഗണിക്കുക. ഈ കമ്മറ്റിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെന്നാണ് സൂചന.
നിലവിലുള്ള 60–40 തീയറ്റര്‍ വിഹിതം അംഗീകരിക്കുന്ന തീയറ്റര്‍ ഉടമകളുമായി വിതരണക്കാരും നിര്‍മാതാക്കളും സഹകരിക്കും. കൂടെ നില്‍ക്കുന്ന തീയേറ്റര്‍ ഉടമകളെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും ഭാവിയില്‍ സിനിമ റിലീസിംഗില്‍ ഇവരുടെ തീയേറ്ററുകള്‍ മുന്‍ഗണന നല്‍കാനുമാണ് വിതരണക്കാരുടെയും നിര്‍മാതാക്കളഉടെയും തീരുമാനം.