കൊല്‍ക്കത്തയ്ക്ക് മുന്നില്‍ 192 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്

മൊഹാലി: ബാറ്റിങിന് ഇറങ്ങിയവരെല്ലാം സ്‌കോർ ബോർഡിലേക്ക് മികച്ച സംഭാവന നൽകിയപ്പോൾ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് മുന്നിൽ മികച്ച ലക്ഷ്യം വച്ച് പഞ്ചാബ് കിങ്‌സ്. ടോസ് നേടി കൊൽക്കത്ത ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെന്ന മികച്ച സ്‌കോർ പടുത്തുയർത്തി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ നിതീഷ് റാണയുടെ തീരുമാനം പാളിയെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്ന രീതിയിലായിരുന്നു പാഞ്ചാബിന്റെ ബാറ്റിങ്. വെടിക്കെട്ട് തുടക്കമാണ് പ്രഭ്‌സിമ്രാൻ സിങ് പഞ്ചാബിന് നൽകിയത്. ക്ഷണത്തിൽ മടങ്ങിയെങ്കിലും താരം 12 പന്തിൽ രണ്ട് വീതം സിക്‌സും ഫോറും പറത്തി 23 റൺസുമായാണ് മടങ്ങിയത്.

പിന്നീട് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ശിഖർ ധവാൻ- ശ്രീലങ്കൻ താരം ഭനുക രജപക്‌സ എന്നിവരുടെ ബാറ്റിങ് പാഞ്ചാബിന് അടിത്തറയിട്ടു. രജപക്‌സ അർധ സെഞ്ച്വറി നേടിയാണ് ക്രീസ് വിട്ടത്. താരം 32 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 50 റൺസെടുത്തു.

ധവാൻ 29 പന്തിൽ ആറ് ഫോറുകൾ സഹിതം 40 റൺസുമായി മടങ്ങി. ജിതേഷ് ശർമ 11 പന്തിൽ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 21 റൺസ് കണ്ടെത്തി. സികന്ദർ റാസ 13 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 16 റൺസെടുത്ത് പുറത്തായി.

17 പന്തിൽ രണ്ട് സിക്‌സുകൾ സഹിതം 26 റൺസെടുത്ത് സാം കറനും ഏഴ് പന്തിൽ രണ്ട് ഫോറുകൾ സഹിതം 11 റൺസെടുത്ത് ഷാരൂഖ് ഖാനും സ്‌കോർ 191ൽ എത്തിച്ചു. ഇരുവരും പുറത്താകാതെ നിന്നു.

ഉമേഷ് യാദവ്, വരുൺ ചക്രവർത്തി എന്നിവരാണ് കൊൽക്കത്തൻ നിരയിൽ ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞത്. ടിം സൗത്തി രണ്ട് വിക്കറ്റെടുത്തെങ്കിലും നാലോവറിൽ വിട്ടുകൊടുത്തത് 54 റൺസ്. ഉമേഷ്, വരുൺ, സുനിൽ നരെയ്ൻ എന്നിവർ ഓരോ വിക്കറ്റും നേടി.

Top