‘ഭാരത് ആട്ട’: 27:50 രൂപയ്ക്ക്; ഭാരത് ദാലും (പരിപ്പ്) സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

ന്യൂഡൽഹി: ‘ഭാരത് ആട്ട’ എന്ന ബ്രാൻഡ് നെയിമിലുള്ള കുറഞ്ഞ വിലയിലുള്ള ആട്ട പുറത്തിറക്കി കേന്ദ്രസർക്കാർ. പുതിയ ഉല്പന്നത്തിന്റെ വിൽപ്പന ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ നിർവ്വഹിച്ചു. ഡൽഹിയിലെ കർത്തവ്യപഥിൽ സഞ്ചരിക്കുന്ന നൂറ് ആട്ട വിൽപ്പനശാലകൾ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.

ഗോതമ്പിന്റെ ഉയർന്ന വിലയിൽ നിന്ന് ദീപാവലി സീസണിൽ ജനങ്ങൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ‘ഭാരത് ആട്ട’ പുറത്തിറക്കിയത്. സബ്‌സിഡി ഗോതമ്പ് ഉപയോഗിച്ചാണ് ‘ഭാരത് ആട്ട’ വിതരണം ചെയ്യുന്നത്. 27. 50 രൂപ എന്ന സബ്‌സിഡി നിരക്കിലാണ് പൊതുജനങ്ങൾക്ക് ആട്ട ലഭിക്കുക. വിപണിയിൽ 70 രൂപ വരെയാണ് ആട്ടയുടെ വിലയെന്നതിനാൽ ഇത് ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഫെഡ്, എൻ.സി.സി.എഫ്., കേന്ദ്രീയ ഭണ്ഡാർ എന്നിവയുടെ 800 സഞ്ചരിക്കുന്ന വിൽപ്പനശാലകൾ വഴിയും രാജ്യമെമ്പാടുമുള്ള 2,000 ചില്ലറ വിൽപ്പനശാലകൾ വഴിയുമാണ് ഭാരത് ആട്ടയുടെ വിൽപ്പന.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്.സി.ഐ) നിന്ന് രണ്ടര ലക്ഷം ടൺ ഗോതമ്പ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. നാഫേഡിനും ഓരോ ലക്ഷം ടൺ വീതവും കേന്ദ്രീയ ഭണ്ഡാറിന് 50,000 ടണ്ണുമാണ് നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരത് ആട്ടയ്ക്ക് പുറമെ ഭാരത് ദാലും (പരിപ്പ്) സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. കിലോഗ്രാമിന് 60 രൂപയാണ് വില. കൂടാതെ കിലോഗ്രാമിന് 25 രൂപ നിരക്കിൽ ഉള്ളിയും മൂന്ന് ഏജൻസികൾ വഴി വിൽപ്പന നടത്തും.

Top