ഭാരത് ബന്ദ്: ദേശീയ പാതകളും റെയില്‍ പാതകളും ഉപരോധിക്കും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. വൈകിട്ട് നാല് മണി വരെയാണ് ബന്ദ്. പഞ്ചാബില്‍ 230 കേന്ദ്രങ്ങളിലും, ഹരിയാനയില്‍ ദേശീയ പാതകളും റെയില്‍ പാതകളും ഉപരോധിക്കും.

ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും തത്വങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനം. സി പി എം, കോണ്‍ഗ്രസ്, എന്‍ സി പി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും നൂറോളം സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറണമെന്ന് കേന്ദ്ര കൃഷി മന്ത്രി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. സമരം നടത്തി സംഘര്‍ഷമുണ്ടാക്കരുതെന്നും ചര്‍ച്ചയുടെ വഴിയിലേക്ക് കര്‍ഷകര്‍ എത്തണമെന്നും നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. എന്നാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അതേ സമയം ദില്ലി അതിര്‍ത്തിയില്‍ ഭാരത ബന്ദിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി.

Top