കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന രാജ്യവ്യാപക പണിമുടക്ക് തുടരുന്നു. പണിമുടക്കിനിടെ എറണാകുളത്ത് സംഘര്‍ഷം ഉണ്ടായി. എറണാകുളം നോര്‍ത്തില്‍ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. സമരാനുകൂലികള്‍ യുബര്‍ ടാക്‌സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.
സമരസമിതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച 12 ഇന ആവശ്യങ്ങളില്‍ ബോണസ്, മിനിമം വേതനം എന്നിവ ഭാഗികമായി അംഗീകരിച്ചതൊഴിച്ചാല്‍ മറ്റുള്ളവ പരിഗണിക്കാന്‍ കേന്ദ്രം തയാറാകാത്ത സാഹചര്യത്തിലാണു പണിമുടക്ക്.
ദേശീയ തൊഴിലാളി സംഘടനകളിലും പ്രാദേശിക സംഘടനകളിലും ഉള്‍പ്പെട്ട പതിനഞ്ച് കോടിയിലേറെ വരുന്ന തൊഴിലാളികളാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്. ആര്‍എസ്എസ് പിന്തുണയുള്ള തൊഴിലാളി സംഘടനയായ ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ പങ്കെടുക്കാത്തത്. ബിഎംഎസ് അവസാന നിമിഷമാണ് പണിമുടക്കില്‍ നിന്നും മാറിയത്.