ന്യൂഡല്‍ഹി: ഓഗസ്റ്റിനകം കോവിഡിനെതിരായ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഹൈദരാബാദിലുള്ള ഭാരത് ബയോടെകുമായി സഹകരിച്ചാണ് മരുന്ന് ലഭ്യമാക്കുന്നത്. ആഗസ്റ്റ് 15നകം മരുന്ന് ലഭ്യമാക്കണമെന്ന് ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടതായി ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
എല്ലാ ഗുണനിലവാര പരിശോധനകള്‍ക്കും ശേഷമായിരിക്കും മരുന്ന് ലഭ്യമാക്കുകയെന്നും അതിനായി 12 ഓളം കേന്ദ്രങ്ങളെ തെരഞ്ഞെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വാക്‌സിനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റേത്. ഇതിന്റെ ഓരോ ഘട്ടവും കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്.
ഐസിഎംആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്‌സിന് കോവാക്‌സിന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുമതികള്‍ വേഗത്തിലാക്കണമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥരോട് ബല്‍റാം ഭാര്‍ഗവ് പറയുന്നു. ജൂലൈ ഏഴിന് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതിനുമുമ്പ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചുറപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് ഐസിഎംആര്‍ മുന്നോട്ടുപോകുന്നത്.