ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പില്‍ ദേശീയ പതാകയ്ക്കൊപ്പം കാണിക്കുന്ന മാപ്പില്‍ ഇന്ത്യയുടെ പേര് ഭാരത്

ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ഇന്ത്യയെന്ന് ടൈപ്പ് ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പേര് ഭാരത് എന്ന് രേഖപ്പെടുത്തിയതായി കാണിക്കുന്നത്. ഭാരത് എന്ന് ടൈപ്പ് ചെയ്താലും രാജ്യത്തിന്റെ പേര് ഭാരത് എന്നാണ് ഗൂഗിള്‍ മാപ്പ് കാണിക്കുന്നത്. ഇന്ത്യ, ഭാരത് എന്നിവ ദക്ഷിണേഷ്യയിലെ രാജ്യമാണെന്ന് ഇരുഭാഷകളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരത് എന്നതിന് കീഴില്‍ ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് സെര്‍ച്ചില്‍ ഇന്ത്യ എന്ന് ടൈപ്പ് ചെയ്താല്‍ ദേശീയ പതാകയ്ക്കൊപ്പം കാണിക്കുന്ന മാപ്പില്‍ ഇന്ത്യയുടെ പേര് ഭാരത് എന്ന് കാണപ്പെടുന്നു.

ഇന്ത്യയെന്ന പേര് മാറ്റി ഭാരത് എന്നാക്കി റെയില്‍വേയും രംഗത്തെത്തിയിരുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ ശുപാര്‍ശ ഫയലുകളിലാണ് രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയിരിക്കുന്നത്. ഇന്ത്യയെന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കുന്ന ആദ്യ ഔദ്യോഗിക രേഖകളാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മറ്റ് ഭാഷ പതിപ്പുകളില്‍ ഇന്ത്യയെന്ന് തിരഞ്ഞാല്‍ ഇന്ത്യയെന്ന് രേഖപ്പെടുത്തിയ മാപ്പാണ് ഗൂഗിള്‍ കാണിക്കുന്നത്. ഇംഗ്ലീഷ് പതിപ്പില്‍ ഭാരത് എന്ന് ടൈപ്പ് ചെയ്താലും ഇന്ത്യയെന്ന പേരാണ് രാജ്യത്തിന്റേതായി രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങളില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റി കൊണ്ടിരിക്കുന്നിതിനിടെയാണ് ഗൂഗിള്‍ മാപ്പ് മാറ്റവും. സംഭവത്തില്‍ ഗൂഗിള്‍ ഇതുവരെ ഔദ്യോഗിക വിശദീകരണമോ പ്രതികരണമോ നടത്തിയിട്ടില്ല.

പാഠപുസ്തകങ്ങളിലെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിഇആര്‍ടി രംഗത്തെത്തിയതിന് പിന്നാലെയാണ് റെയില്‍വേ രേഖകളിലെ മാറ്റവും. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിദേശ രാഷ്ട്രതലവന്‍മാര്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയ ഔദ്യോഗിക വിരുന്നിന്റെ ക്ഷണക്കത്തിലാണ് ആദ്യമായി ഭാരത് എന്ന പേര് ഉപയോഗിച്ചത്. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു ക്ഷണക്കത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

Top