രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും പശ്ചിമ ബംഗാളിൽ പര്യടനം തുടരും. സുജാപുരിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ബസിലും പദയാത്രയുമായാണ് ഇന്നത്തെ പര്യടനം. മൂർഷിദാബാദിൽ അടക്കം രാഹുൽഗാന്ധി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ്-കോൺഗ്രസ് വാക്ക് പോര് രൂക്ഷമായ സാഹചര്യത്തിലാണ് പര്യടനം തുടരുന്നത്. കോൺഗ്രസ് സംസ്ഥാന നേതൃത്വം രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുമ്പോഴും ദേശീയ നേതൃത്വം കരുതലോടെയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്. സിപിഐഎം നേതാക്കൾ ഇന്ന് യാത്രയുടെ ഭാഗമാകും എന്നാണ് പ്രതീക്ഷ.
അതേസമയം, സ്വാതന്ത്ര്യവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടി ബംഗാളിൽ ഇടതുപക്ഷവും കോൺഗ്രസും ഒരുമിച്ച് പോരാടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ജനുവരി 25-ന് മാൾഡയിൽ നടന്ന എസ്എഫ്‌ഐ പൊതുയോഗത്തിൽ പറഞ്ഞിരുന്നു. തൃണമൂൽ കോൺഗ്രസിനോടൊപ്പം ചേർന്നാൽ കോൺഗ്രസിന് മടങ്ങിവരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ് ശക്തി കേന്ദ്രങ്ങളായ മാൾഡ, മുർഷിദാബാദ് പോലുള്ള ജില്ലകളിൽ കടന്നുകയറാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുകയാണെന്നും മുഹമ്മദ് സലിം വ്യക്തമാക്കി.
എന്നാൽ ബംഗാളിൽ ലോക്സഭ സീറ്റ് വിഭജനം തകർത്തത് കോൺഗ്രസാണെന്നാണ് മമതയുടെ വാദം. സിപിഐഎമ്മുമായി സഹകരിക്കാതിരുന്നാൽ കോൺഗ്രസിന് സീറ്റ് നൽകുന്ന കാര്യം ആലോചിക്കാമെന്നും മമത ബാനർജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു