പട്‌ന: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറില്‍ പ്രവേശിക്കും. നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ഇന്‍ഡ്യാ സഖ്യം രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന സമയത്താണ് യാത്ര ബിഹാറില്‍ എത്തുന്നത്. സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാരിന്റെ മന്ത്രിസഭ വികസന ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കാനിരിക്കുകയാണ്.
യാത്രയ്ക്കിടെ നിതീഷ് കുമാറിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉയര്‍ത്താനും ഇടയുണ്ട്. അതേസമയം ഇന്‍ഡ്യാ സഖ്യത്തേയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചാകും നിതീഷ് കുമാറും ജെഡിയുവും തിരിച്ചടിക്കാന്‍ പോകുന്നത്. സംസ്ഥാനത്ത് മന്ത്രിസഭ വികസനവും വകുപ്പ് വിഭജനവും ഇന്ന് മുതല്‍ ചര്‍ച്ചയാകും. നരേന്ദ്ര മോദി – നിതീഷ് കുമാര്‍ എന്നിവര്‍ ഒരുമിച്ച് നയിക്കുന്ന വ്യാഴാഴ്ചത്തെ റാലിയുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സജീവ ചര്‍ച്ചയാകും.
കിഷന്‍ഗഞ്ചിലാണ് രാഹുലിന്റെ യാത്രയെ നേതാക്കള്‍ സ്വീകരിക്കുക. ബസിലും കാറിലും പദയാത്രയുമായാണ് ഇന്നത്തെ പര്യടനം. യാത്രയെ വന്‍ വിജയമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇന്‍ഡ്യാ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ശക്തി കാണിക്കാനാണ് കോണ്‍ഗ്രസ് നീക്കം. തേജസ്വി യാദവ് അടക്കം ആര്‍ജെഡി നേതാക്കള്‍ യാത്രയില്‍ അണിചേരും.