ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ നിന്ന് പര്യടനം ആരംഭിക്കും; അടുക്കാതെ മമത

കൊല്‍ക്കത്ത: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് വീണ്ടും പര്യടനം പുനഃരാരംഭിക്കും. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ നിന്നാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. കാല്‍ നടയായും ബസിലുമാണ് ഇന്നത്തെ യാത്ര.

തൃണമൂല്‍ കോണ്‍ഗ്രസ് യാത്രയുടെ ഭാഗമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യാത്രയില്‍ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അസം-പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ ബോക്സിര്‍ഹട്ടില്‍ വെച്ച് ആണ് പശ്ചിമ ബംഗാളിലെ യാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് വാക്‌പോര് തുടരുന്നതിനിടെയാണ് പശ്ചിമ ബംഗാളിലെ ന്യായ് യാത്ര. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐഎം അടക്കമുള്ള ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളെ കോണ്‍ഗ്രസ് യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷണം ലഭിച്ചിട്ടില്ല എന്നാണ് മമത ബാനര്‍ജിയുടെ പ്രതികരിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്താല്‍ സിപിഐഎം യാത്രയുടെ ഭാഗമാകില്ല എന്ന് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമ ബംഗാളില്‍ സഖ്യം ഇല്ലാതെ ഒറ്റയ്ക്ക് മത്സരിപ്പിക്കാനാണ് മമത ബാനര്‍ജിയുടെ തീരുമാനം. മമതയെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ കോണ്‍ഗ്രസ് ആരംഭിക്കും.

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ഭാരത് ജോഡോ ന്യായ് യാത്ര നാളെ ബിഹാറില്‍ പ്രവേശിക്കും. നാളെയും മറ്റന്നാളും ബിഹാറില്‍ പര്യടനം നടത്തിയ ശേഷം 31 ന് വീണ്ടും പശ്ചിമ ബംഗാളില്‍ തിരിച്ച് എത്തും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചേക്കുമെന്നും ഇന്‍ഡ്യാ മുന്നണി വിടുമെന്നുമുളള അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇന്ന് ഉച്ചയോടെ നിതീഷിന്റെ ബിജെപിയിലേക്കുളള മടക്കത്തില്‍ തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top