ന്യൂഡല്‍ഹി: ഒരു പൗരന് രാജ്യം നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായ ഭാരതരത്‌നക്ക് പരിഗണിക്കപ്പെടുന്നവരില്‍ മാതാ അമൃതാനന്ദമയിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ. ജയലളിതയും.
ജയലളിതക്ക് വേണ്ടി തമിഴ്‌നാട് സര്‍ക്കാരാണ് ശുപാര്‍ശയുമായി രംഗത്തുള്ളത്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. തമിഴകത്തിന്റെ വികാരം കണക്കിലെടുത്ത് അവര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്നാണ് ആവശ്യം.
ബിജെപി ഉള്‍പ്പടെയുള്ള മറ്റ് രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമൊന്നും ഇതുവരെ രേഖപ്പെടുത്താത്തത് അണ്ണാഡിഎംകെ നേതൃത്വത്തിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. കലൈഞ്ജര്‍ കരുണാനിധിക്ക് ഭാരതര്തം നല്‍കുന്നതിനായി പിന്നീട് സമ്മര്‍ദ്ദം ചെലുത്താമെന്നതിനാല്‍ ഡിഎംകെയും മൗനത്തിലാണ്.
എന്നാല്‍ അവിഹിത സ്വത്ത് സമ്പാദനക്കേസില്‍ മരിക്കുന്നത് വരെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ജയലളിതക്ക് ഭാരതരത്‌ന നല്‍കുന്നന് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന അഭിപ്രായവും ഉന്നതങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഈ കേസില്‍ ഇനി ജയലളിതയെ ഒഴിവാക്കിയാണ് അന്തിമവിധി പറയുക. ഈ വിധി വന്നശേഷം ജയലളിതക്ക് ഭാരതരത്‌ന ബഹുമതി നല്‍കുന്ന കാര്യം പരിഗണിച്ചാല്‍ മതിയെന്ന അഭിപ്രായമാണ് നിയമകേന്ദ്രങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
42 എംപിമാരെ സംഭാവന ചെയ്യുന്ന തമിഴകത്ത് വ്യക്തമായ ‘താല്‍പര്യങ്ങള്‍’ ഉള്ളതിനാല്‍ ജയലളിതക്ക് ഭാരതരത്‌ന നല്‍കുന്ന കാര്യത്തില്‍ മറ്റ് തടസ്സങ്ങളൊന്നും ഇല്ലെങ്കില്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈ എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ജയലളിതയേയും അമൃതാനന്ദമയിയേയും ആരാധകരും അനുയായികളും സ്‌നേഹപൂര്‍വ്വം അമ്മ എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്.
മാതാ അമൃതാനന്ദമയിയുടെ കാര്യത്തിലാണെങ്കില്‍ ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തിന്റെ തലപ്പത്ത് നിന്നാണ് ഭാരത രത്‌ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുള്ളതെന്നാണ് സൂചന.
അടുത്തയിടെ അമൃതാനന്ദമയി മഠത്തിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിന് മാത്രമായി ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് കൊച്ചിയിലെത്തിയിരുന്നു.
അന്ന് ചടങ്ങില്‍ പങ്കെടുത്തവരില്‍ ചിലര്‍ അമൃതാനന്ദമയിക്ക് ഭാരതരത്‌ന നല്‍കുന്നതിനായി മോഹന്‍ഭാഗവത് തന്നെ മുന്‍കൈ എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അമൃതാനന്ദമയി മഠം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഈ നിര്‍ദ്ദേശം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജയലളിതക്കായാലും അമൃതാനന്ദമയിക്കായാലും ഭാരതരത്‌ന നല്‍കുന്നത് പരിഗണിച്ചാല്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് പോലും എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍.
എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും ഇത്തരമൊരു നീക്കത്തോട് എങ്ങിനെ പ്രതികരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട് താനും.
ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്‌ന. കല,സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ മേഖലകളിലെ സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ചവര്‍ക്കാണ് ഈ ബഹുമതി നല്‍കുന്നത്. ആലിലയുടെ ആകൃതിയിലുള്ളതാണ് പുരസ്‌കാരം.
1954 ജനുവരി 2ന് പുറത്തിറക്കിയ ഓര്‍ഡിനന്‍സ് അനുസരിച്ചായിരുന്നു ബഹുമതിയ്ക്ക് അര്‍ഹരായവരെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കാവുന്ന രീതിയില്‍ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തത് 1955ലാണ്.
1977 മുതല്‍ 1980 വരെ ആര്‍ക്കും ഭാരതരത്‌ന നല്‍കിയില്ല. പിന്നീട് 2001 ന് ശേഷം 2008 ലാണ് ഭാരതരത്‌ന പ്രഖ്യാപിക്കുന്നത്. വിദേശികളായ മൂന്ന് പേര്‍ക്ക് ഭാരത രത്‌നം നല്‍കി. 1980 ല്‍ മദര്‍ തെരേസയ്ക്കും 1987 ല്‍ അതിര്‍ത്തി ഗാന്ധിയായ ഖാന്‍ അബ്ദുള്‍ഗാഫര്‍ ഖാനും 1990 ല്‍ നെല്‍സണ്‍ മണ്ഡേലയ്ക്കും ഭാരതരത്‌ന സമ്മാനിച്ചു.
എസ്. രാധാകൃഷ്ണന്‍, സി. വി. രാമന്‍,സി. രാജഗോപാലാചാരി എന്നിവര്‍ക്കാണ് ആദ്യമായി ഭാരതരത്‌ന നല്‍കപ്പെട്ടത്. പിന്നീട് ഇതുവരെ 45 പേര്‍ക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.അതില്‍ 13പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി, കോണ്‍ഗ്രസിസ് മുന്‍പ്രസിഡന്റും സ്വാതന്ത്രസമര സേനാനിയുമായിരുന്നു മദന്‍മോഹന്‍ മാളവ്യ എന്നവര്‍ക്കാണ് അവസാനമായി ഭാരത രത്‌ന ലഭിച്ചത്.
ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചവര്‍
1. സി. രാജഗോപാലാചാരി (1954)
2. സര്‍ സി.വി.രാമന്‍ (1954)
3. എസ്. രാധാകൃഷ്ണന്‍ (1954)
4. ഭഗ്‌വാന്‍ ദാസ് (1955)
5. സര്‍ എം. വിശ്വേശ്വരയ്യ (1955)
6. ജവഹര്‍ലാല്‍ നെഹ്രു (1955)
7. ഗോവിന്ദ് വല്ലഭ് പാന്ത് (1957)
8. കേശവ് കാര്‍വേ (1958)
9. ഡോ. ബി. സി. റോയ് (1961)
10. പുരുഷോത്തം ദാസ് ടണ്ടന്‍ (1961)
11. രാജേന്ദ്രപ്രസാദ്(1962)
12. ഡോ. സാക്കിര്‍ ഹുസൈന്‍ (1963)
13. പാണ്ഡുരംഗ് വാമന്‍ (1963)
14. ലാല്‍ ബഹാദൂര്‍ ശാസ്ത്രി (1966)
15. ഇന്ദിരാ ഗാന്ധി (1971)
16. വി.വി. ഗിരി (1975)
17. കെ.കാമരാജ് (1976)
18. മദര്‍ തെരേസ (1980)
19. വിനോബാ ഭാവേ (1983)
20. ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍(1987)
21. എം.ജി. രാമചന്ദ്രന്‍ (1988)
22. ബി.ആര്‍. അംബേദ്കര്‍ (1990)
23. നെല്‍സണ്‍ മണ്ടേല (1990)
24. രാജീവ് ഗാന്ധി ഞമഷശ് (1991)
25. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ (1991)
26. മൊറാര്‍ജി ദേശായി (1991)
27. അബുല്‍ കലാം ആസാദ് (1992)
28. ജെ.ആര്‍.ഡി. ടാറ്റ (1992)
29. സത്യജിത് (1992)
30. എ.പി.ജെ. അബ്ദുല്‍ കലാം (1997)
31. ഗുല്‍സാരിലാല്‍നന്ദ (1997)
32. അരുണ ആസഫ് അലി (1997)
33. എം.എസ്. സുബ്ബലക്ഷ്മി (1998)
34. ചിദംബരം സുബ്രമണ്യം(1998)
35. ജയപ്രകാശ് നാരായണ്‍ ജയപ്രകാശ് നാരായണ്‍ (1998)
36. പണ്ഡിറ്റ് രവിശങ്കര്‍ (1999)
37. അമര്‍ത്യ സെന്‍ (1999)
38. ഗോപിനാഥ് ബര്‍ദോളോയി (1999)
39. ലതാ മങ്കേഷ്‌കര്‍ (2001)
40. ഉസ്താദ് ബിസ്മില്ലാ ഖാന്‍ (2001)
41. ഭീംസെന്‍ ജോഷി (2008)
42. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (2014)
43. സി.എന്‍.ആര്‍. റാവു (2014)
44. അടല്‍ ബിഹാരി വാജ്‌പേയി (2015)
45. മദന്‍ മോഹന്‍ മാളവ്യ (2015)