ജയ്പുര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതി റിലീസിലെത്തുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് രജ്പുത് കര്‍ണി സേന.
സംഘടനാ കണ്‍വീനര്‍ ലോകേന്ദ്ര സിംഗ് കല്‍വിയാണ് ഈ ആഹ്വാനം നടത്തിയത്. തിയറ്ററുകള്‍ കത്തിക്കുന്നത് കഴിയുമെങ്കില്‍ തടയാനും കര്‍ണി സേന നേതാവ് വെല്ലുവിളിക്കുന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദീപിക പദുക്കോണിന്റെ വസ്ത്ര ധാരണത്തെയും നേതാവ് പരിഹസിക്കുന്നു. അര്‍ധനഗ്നമായി നൃത്തം ചെയ്യുന്ന ദീപിക എങ്ങനെയാണ് ഇന്ത്യന്‍ വനിതയെ പ്രതിനിധീകരിക്കുന്നതെന്നും കല്‍വി ചോദിച്ചു.
പത്മാവതിയുടെ ചിത്രീകരണ സമയത്തുതന്നെ രജപുത് കര്‍ണി സേന എന്ന സംഘടന പ്രതിഷേധവുമായി എത്തിയിരുന്നു. ചലച്ചിത്രത്തില്‍, പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞാണ് കര്‍ണി സേന രംഗത്തെത്തിയത്.
രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക റാണി പദ്മാവതിയായും രണ്‍വീര്‍ അലാവുദിന്‍ ഖില്‍ജിയായും ചിത്രത്തില്‍ എത്തുന്നു. ചിറ്റോര്‍ഗഡ് കോട്ട ആക്രമിച്ച അലാവുദിന്‍ ഖില്‍ജിക്ക് കീഴില്‍ മുട്ടുമടക്കാതെ ജീവത്യാഗം നടത്തിയ പോരാളിയാണ് രാജ്ഞിയെന്ന് കര്‍ണി സേന പറയുന്നു.