പതിനാലു വയസുകാരന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം : ഭരതന്നൂരില്‍ പുറത്തെടുത്ത പതിനാലു വയസുകാരന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികള്‍ ഇന്ന് ആരംഭിക്കും. ശാസ്ത്രീയ പരിശോധനകളെക്കുറിച്ച് ആലോചിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഫോറന്‍സിക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

ആദര്‍ശ് വിജയന്‍ എന്ന വിദ്യാര്‍ഥിയുടെ മരണത്തിലെ ദുരൂഹതകള്‍ ഒഴിവാക്കാനാണ് പത്ത് വര്‍ഷം മുന്‍പ് മറവ് ചെയ്ത മൃതദേഹം ഇന്നലെ പുറത്തെടുത്തത്. തലയോട്ടിയും വാരിയെല്ലും പല്ലും ഉള്‍പ്പെടെ ഭൂരിഭാഗം അസ്ഥികളും ഇന്നലെ വീണ്ടെടുക്കാനായി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലെ സംഘം ഇന്ന് അവ പരിശോധിക്കും.

പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധന തെളിവുകള്‍ ആദ്യം മുതല്‍ വിലയിരുത്തി തുടരന്വേഷണത്തിലേക്ക് കടക്കാനാണ് ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. അതുകൊണ്ട് തന്നെ മരണകാരണം തലയ്ക്കും നട്ടെല്ലിനുമേറ്റ പരുക്കെന്ന് ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് തന്നെയാണോയെന്ന് ഉറപ്പിക്കുകയാണ് ആദ്യ പരിശോധന.

ഡി.എന്‍.എ ഉള്‍പ്പെടെയുള്ള മറ്റ് പരിശോധനകളും ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാനും ശ്രമിക്കുന്നുണ്ട്.

അതേ സമയം കുട്ടിയുടെ ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഗുരുതരമായ വീഴ്ചകളാണ് വരുത്തിയത്. കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റിയ നിലയിലാണ് എന്ന് ഇന്‍ക്വസ്റ്റ് നടപടികളില്‍ രേഖപ്പെടുത്തിയിട്ടും കുട്ടിയുടെ രഹസ്യ ഭാഗങ്ങള്‍ പരിശോധിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്രമം നടന്നില്ല.

ഇതുമൂലം കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് ഡോക്ടര്‍മാരുടെ സംഘമുണ്ടെന്നിരിക്കെ കടയ്ക്കലിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് ആദ്യം ആദര്‍ശിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ അന്ന് കൊണ്ടുപോയത്.

പാലുവാങ്ങാനായി പുറത്തേക്കു പോയ ആദര്‍ശിനെ പിന്നിട് വീടിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കടയ്ക്കാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തലക്കടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ അന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പാങ്ങോട് പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജവും കണ്ടെത്തിയിരുന്നു.

പീഡനത്തെ തുടര്‍ന്നാണ് ആദര്‍ശ് മരിച്ചതെന്ന നിഗമനത്തിലാണ് പിന്നീട് കേസെടുത്ത ക്രൈംബ്രാഞ്ചെത്തിയത്.

Top