പ്രതിവര്‍ഷ വരുമാനത്തില്‍ റെക്കോര്‍ഡിട്ട് ഭാരതീയ ജനത പാര്‍ട്ടി

ന്യൂഡല്‍ഹി: പ്രതിവര്‍ഷ വരുമാനത്തില്‍ റെക്കോര്‍ഡിട്ട് ബിജെപി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റ ഇലക്ടറല്‍ ബോണ്ടുകളില്‍ 76 ശതമാനവും ബി.ജെ.പി ശേഖരിച്ചുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

2019-20ല്‍ 3355 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റതില്‍, ബി.ജെ.പിക്ക് 2555 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇലക്ടറല്‍ ബോണ്ടുകളിലൂടെ ബി.ജെ.പിയിക്ക് ലഭിച്ചത് 1450 കോടി രൂപയായിരുന്നു.

കോണ്‍ഗ്രസ്സ്, തൃണമൂല്‍ കോണ്‍ഗ്രസ്സ്, സി.പി.ഐ.എം., സി.പി.ഐ., ബി.എസ്.പി., എന്‍.സി.പി. എന്നീ ആറ് ദേശീയ പാര്‍ട്ടികള്‍ക്ക് അകെ ലഭിച്ച വരുമാനത്തേക്കാള്‍ കൂടുതല്‍ ലഭിച്ചത് ബി.ജെ.പി.ക്കാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ വിലയിരുത്തലില്‍ ബി.ജെ.പി.ക്ക് ലഭിച്ച 3623 കോടി കോണ്‍ഗ്രസ്സിന് ലഭിച്ച വരുമാനത്തേക്കാള്‍ 5.3 മടങ്ങാണ്. വരവിന്റെ കാര്യത്തില്‍ മാത്രമല്ല ചെലവിന്റെ കാര്യത്തിലും ബി.ജെ.പി. തന്നെയാണ് മുന്‍പന്തിയില്‍.

കോണ്‍ഗ്രസിന് ലഭിച്ച തുക 17 ശതമാനത്തോളം കുറഞ്ഞു. 2018-19ല്‍ കോണ്‍ഗ്രസിന് ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്ന് 383 കോടി രൂപ ലഭിച്ചപ്പോള്‍ 2019-20ല്‍ 318 കോടി രൂപയാണ് ലഭിച്ചത്. ഇത് മൊത്തം ഇലക്ടറല്‍ ബോണ്ടുകളുടെ ഒന്‍പത് ശതമാനം മാത്രമാണ്.

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 100.46 കോടി, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി 29.25 കോടി, ശിവസേന 41 കോടി, ഡി.എം.കെ 45 കോടി, ലാലു യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ 2.5 കോടി, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി 18 കോടി രൂപ എന്നിങ്ങനെയാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ശേഖരിച്ച തുകകള്‍.

Top