കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്‍ ബിനാമി അക്കൗണ്ടുകള്‍ വഴി തട്ടിയെടുത്തത് 51 കോടി രൂപയെന്ന് ഇ ഡി

തിരുവനന്തപുരം: കണ്ടല ബാങ്കില്‍ എന്‍ ഭാസുരാംഗന്‍ ബിനാമി അക്കൗണ്ടുകള്‍ വഴി തട്ടിയെടുത്തത് 51 കോടി രൂപയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലോണ്‍ തട്ടിയത് അജിത് കുമാര്‍, ശ്രീജിത് തുടങ്ങിയ പേരുകളിലാണെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്നു സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. തിരിച്ചടവ് മുടങ്ങിയ ഈ ലോണ്‍ വിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നും ഇ ഡി അറിയിച്ചു.

കുടുംബങ്ങളുടെ പേരിലും കണ്ല ബാങ്കില്‍ ലോണ്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇ ഡി അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഒരേ വസ്തു ഒന്നിലേറെ ലോണിന് ഈടാക്കി വെച്ചാണ് തട്ടിപ്പ് നടത്തിയത്. 2കോടി 34 ലക്ഷം രൂപയാണ് ഇത്തരത്തില്‍ എടുത്തത്. ഭാസുരംഗന്റെ മകന്‍ അഖില്‍ ജിത്തും ലോണ്‍ തട്ടി. 74 ലക്ഷം രൂപ അഖില്‍ ജിത്ത് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു. അഖില്‍ ജിത്തിന് വാര്‍ഷിക വരുമാനം 10 ലക്ഷം മാത്രമെന്നും ഇ ഡി അറിയിച്ചു. ബിആര്‍എം സൂപ്പര്‍ മാര്‍ക്കറ്റ്, ബിആര്‍എം ട്രേഡിങ് കമ്പനി, അടക്കമുള്ളവയില്‍ പണം നിക്ഷേപിച്ചതായും ഇ ഡി കണ്ടെത്തി.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റിലാകുന്നത്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത്, കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെയാണ് ഇ ഡി ചോദ്യം ചെയ്തത്. മൂന്നാം തവണയുള്ള ഇഡി ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തുന്നത്.

Top