കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്‍റെ മകൻ അഖിൽ ജിത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: കണ്ടല ബാങ്കിന്‍റെ മുൻ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ ഭാസുരാംഗന്‍റെ മകൻ അഖിൽ ജിത്ത് കസ്റ്റഡിയിൽ. അഖിലിനെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിൽ കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ കാറും ഇഡി കസ്റ്റഡിയിലെടുത്തു. വൻ നിക്ഷേപങ്ങളിലെ രേഖകളിൽ സംശയം തോന്നിയ ഇഡി കണ്ടല ബാങ്കിലെയും ഭാസുരാംഗന്റെ വീട്ടിലെയും പരിശോധന പൂർത്തിയാക്കിയ ശേഷമാണ് നടപടി.

കണ്ടലയിൽ പിടിമുറുക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇന്നലെ പുലർച്ച അഞ്ചര മണി മുതൽ വിവിധ സ്ഥലങ്ങളിൽ തുടങ്ങിയ റെയ്ഡ് അല്‍പ സമയം മുമ്പാണ് പൂര്‍ത്തിയാക്കിയത്. ഇന്നലെ ഒരുപകൽ മുഴുവൻ പൂജപ്പുരയിലെ വീട്ടിൽവെച്ചായിരുന്നു ഭാസുരാംഗന്‍റെ ചോദ്യം ചെയ്യൽ. രാത്രിയോടെ മാറനല്ലെൂരിലെ വീട്ടിലേക്ക് ഭാസുരാംഗനെ ഇഡി കൊണ്ടുപോയി. ഇവിടെ വെച്ചുള്ള ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ഭാസുരാംഗനെ ഇന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൈക്ക് തരിപ്പുണ്ടായെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇഡി ചികിത്സയ്ക്ക് അനുമതി നൽകിയത്. നേരത്തെ ചികിത്സിക്കുന്ന ആശുപത്രിയെന്ന നിലയ്ക്കാണ് കിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഭാസുരാംഗൻ ആവശ്യപ്പെട്ടത്. ഇഡി തന്നെയായിരുന്നു കിംസിലേക്ക് കൊണ്ടുപോയത്.

Top