ന്യൂഡല്‍ഹി: ഫെന്‍സിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ഒളിമ്പ്യന്‍ സി.എ ഭവാനി ദേവി.ചൈനയിലെ വുക്‌സിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയാണ് ഭവാനി ദേവിയുടെ അഭിമാന നേട്ടം.സെമിയിലെത്തിയതോടെ 29-കാരിയായ താരം മെഡല്‍ ഉറപ്പിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചാണ് ഇന്ത്യയ്ക്കായി ഭവാനി ദേവി മെഡല്‍ ഉറപ്പിച്ചത്. എന്നാല്‍ സെമിഫൈനലില്‍ തോറ്റതോടെ മെഡല്‍ നേട്ടം വെങ്കലത്തില്‍ ഒതുങ്ങി. വനിതകളുടെ സാബ്രെ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ മിസാകി എമുറയെ 15-10 എന്ന സ്‌കോറിനാണ് ഭവാനി ദേവി തോല്‍പ്പിച്ചത്. മിസാകിക്കെതിരെ കരിയറിലെ ആദ്യ ജയമാണ് ഭവാനിക്ക് ഇത്.
എന്നാല്‍ സെമിഫൈനലില്‍ ഉസ്‌ബെക്കിസ്ഥാന്റെ സൈനബ് ദയിബെക്കോവയോട് തോറ്റു. 15-14 എന്ന സ്‌കോറിനായിരുന്നു ഉസ്ബെക് താരത്തിന്റെ ജയം. കസാക്കിസ്ഥാന്റെ ഡോസ്‌പേ കരീനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.