ബി.ജെ.പിയുടെ സിനിമാ മേഖലയിലെ ‘ഓപ്പറേഷനു’ തിരിച്ചടി, സ്ഥാനാർത്ഥികളായവർ പോലും പാർട്ടി വിടുന്നു

പ്പറേഷൻ താമരയിലൂടെ നിരന്തരം പ്രതിപക്ഷ പാർട്ടികളെ ഞെട്ടിക്കുന്ന ബി.ജെ.പിക്ക് കേരളത്തിൽ നിന്നും ലഭിച്ചിരിക്കുന്ന് വമ്പൻ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച രണ്ടു പ്രമുഖ സിനിമാ പ്രവർത്തകരാണ് ഇപ്പോൾ ബി.ജെ.പിയോട് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്. പ്രമുഖ സംവിധായകൻ രാജസേനനു പിന്നാലെ നടൻ ഭീമൻ രഘുവാണ് ഏറ്റവും ഒടുവിൽ ബി.ജെ.പി വിട്ടിരിക്കുന്നത്. ഇവർ രണ്ടു പേരും കാവിയുടെ കൊടും ശുതുക്കളായ സി.പി.എമ്മിലേക്കാണ് ചേക്കേറിയിരിക്കുന്നത്. ഇതിനായി ”ഓപ്പറേഷൻ അരിവാളും” സി.പി.എമ്മിനു നടത്തേണ്ടി വന്നിട്ടില്ല.

rajasenan

2016-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു രാജസേനൻ അതേ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ചരിത്രമാണ് നടൻ ഭീമൻ രഘുവിനും ഉള്ളത്.

ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്നു പ്രവര്‍ത്തിക്കാനായില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഭീമൻ രഘു പാർട്ടി വിടുന്നത്. “രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽനിന്നും തനിക്ക് നേരിടേണ്ടി വന്നതെന്നാണ്” രാജസേനനും ആരോപിച്ചിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന ഘടകത്തെ സംബന്ധിച്ച് ഇതു വലിയ തിരിച്ചടി തന്നെയാണ്. ഓപ്പറേഷൻ താമരയിലൂടെ കൂടുതൽ സിനിമാ പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും വലവീശിപിടിക്കാനുള്ള കാവിപ്പടയുടെ നീക്കമാണ് ഇതോടെ ത്രിശങ്കുവിലായിരിക്കുന്നത്.

വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു വേണ്ടി രംഗത്തിറങ്ങുമെന്ന് കരുതപ്പെടുന്ന ചലച്ചിത്ര താരങ്ങളായ ഉണ്ണി മുകുന്ദൻ, നവ്യനായർ, അപർണ്ണ ബാലമുരളി, വിജയ് യേശുദാസ് എന്നിവർ രാജസേനന്റെയും ഭീമൻ രഘുവിന്റെയും പിൻമാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ്. മോദിക്കൊപ്പം ‘യുവം’ പരിപാടിയിൽ പങ്കെടുത്തതു പോലും അബദ്ധമായോ എന്ന ചിന്ത ഇവർക്കിടയിൽ ഇപ്പോൾ ഉണ്ടായതായാണ് പുറത്തു വരുന്ന വിവരം. അടുത്തത് കേരളമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കെ പാർട്ടിയിൽ നിന്നും പ്രമുഖരായ രണ്ടു സിനിമാ പ്രവർത്തകർ രാജിവച്ചതിന് ബി.ജെ.പി സംസ്ഥാന നേതൃത്വം ഇനി ദേശീയ നേതൃത്വത്തിനു വിശദീകരണം നൽകേണ്ടി വരും.

നിലവിലെ സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടു കൊണ്ടാണ് രാജസേനനും ഭീമൻ രഘുവും പാർട്ടി വിട്ടതെന്നാണ് ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇവർ ലക്ഷ്യമിടുന്നതാകട്ടെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെയാണ്. ലോകസഭ തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാന ബി.ജെ.പിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യവും, ഇതോടെ കൂടുതൽ ശക്തമായിട്ടുണ്ട്.

അതേസമയം കേരളത്തെ ബി.ജെ.പി ടാർഗറ്റ് ചെയ്ത സമയത്തു തന്നെ ബി.ജെ.പിയിൽ നിന്നും സിനിമാ പ്രവർത്തകർ വിട്ടു പോരുന്നതിനെ സി.പി.എം നേതൃത്വം അനുഭാവപൂർണ്ണമായാണ് കാണുന്നത്. പാർട്ടിയോട് സഹകരിക്കാൻ തയ്യാറുള്ളവരെ ഉൾക്കൊള്ളാൻ തന്നെയാണ് തീരുമാനം. മലബാർ മേഖലയിലെ ഒരു പ്രമുഖ സംസ്ഥാന നേതാവു തന്നെ അധികം താമസിയാതെ ഇടതുപക്ഷത്തേക്ക് എത്തിയാലും അത്ഭുതപ്പെടേണ്ടതില്ലന്നതാണ് നിലവിലെ അവസ്ഥ. മികച്ച പ്രാസംഗികൻ കൂടിയായ ഈ നേതാവ് പാർട്ടി വിട്ടാൽ അദ്ദേഹത്തെ രണ്ടുകയ്യും നീട്ടി സ്വീകരിക്കാനാണ് സി.പി.എം ഒരുങ്ങുന്നത്.

മറ്റു പാർട്ടിയിലെ നേതാക്കളെ ബി.ജെ.പി ചെയ്യുന്നതു പോലെ അങ്ങോട്ട് ചെന്നു വലവീശിപ്പിടിക്കാതെ ഇങ്ങോട്ടുവരുന്നവരെ സ്വീകരിക്കുക എന്ന നയമാണ് സി.പി.എം സ്വീകരിക്കുന്നത്. മാന്യമായ രാഷ്ട്രീയ നിലപാടു തന്നെയാണിത്. അതെന്തായാലും… പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top