പെണ്‍ കാലങ്ങള്‍ – വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്‌സിബിഷന്‍ കേരളീയത്തില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്‍മാര്‍ മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച പെണ്‍ കാലങ്ങള്‍ – വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രം വളരെ മനോഹരമായി ആലേഖനം ചെയ്ത എക്സിബിഷനാണിത്.

ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതങ്ങളുണ്ട്. ഓരോ പെണ്‍കുട്ടിയേയും, സ്ത്രീയേയും സംബന്ധിച്ച് ‘പെണ്‍ കാലങ്ങള്‍’ എക്സിബിഷന്‍ നല്‍കുന്ന പ്രചോദനവും ആത്മവിശ്വാസം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീ പോരാട്ടങ്ങളുടെ, സ്ത്രീ മുന്നേറ്റങ്ങളുടെ, നേട്ടങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ഭാവിയിലേക്ക് എങ്ങനെയായിരിക്കണം എന്നുള്ളത് സംബന്ധിച്ചുള്ള വലിയ പ്രേരണ കൂടിയാണ് ഈ പരിപാടികള്‍ നല്‍കുന്നത്.

കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളേയും, അതോടൊപ്പം സമസ്ത മേഖലകളിലും പോരാട്ടങ്ങളിലൂടെ മുന്നേറിയ സ്ത്രീകളേയും ലോകത്തിന് കാണാനാകും. അത് ഏത് മേഖലയിലുള്ള സ്ത്രീയെ സംബന്ധിച്ചും പെണ്‍കുട്ടിയെ സംബന്ധിച്ചും വ്യക്തിപരമായി ആത്മവിശ്വാസം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Top