ഡിജിറ്റല്‍ പണമിടമാട് പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പ് സൗജന്യമല്ലെന്ന് പരാതി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും ഉപഭോക്താക്കള്‍ക്ക് ഒന്നര രൂപ നഷ്ടമായെന്നാണ് പരാതി.
ഫ്രീ ആപ്പ് ഭീം ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നു 1 രൂപ 50 പൈസ ഈടാക്കുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരു വെരിഫിക്കേഷന്‍ കോഡ് ലഭിക്കും.പിന്നാലെ മൊബൈല്‍ ബാലന്‍സില്‍ നിന്ന് 1.50 രൂപ എസ്എംഎസ് ചിലവ് എന്ന പേരില്‍ ഈടാക്കിയതായി നോട്ടിഫിക്കേഷന്‍ വരും.
എന്നാല്‍ മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്താലും മിക്കവര്‍ക്കും ബാങ്ക് അക്കൗണ്ടുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. ഒരു സര്‍ക്കാര്‍ ആപ്പില്‍ നിന്നു ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല എന്നാണ് പരാതിക്കാര്‍ പറയുന്നത്.
പ്രമുഖ ഇ-പെയ്‌മെന്റ് ആപ്പുകളേക്കാള്‍ പിന്നിലാണ് ഭീം ആപ്പെന്നും ആക്ഷേപമുണ്ട്. ഉപഭോക്താക്കള്‍ കൂടിയതോടെ ആപ്പ് വഴിയുള്ള ഇടപാടുകള്‍ മുടങ്ങുന്നത് പതിവായിട്ടുണ്ട്.
പത്ത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ ഭീം ആപ്പ് ഡൌണ്‍ലോഡ് ചെയ്തിട്ടുള്ളത്. പുറത്തിറങ്ങി മൂന്നു ദിവസത്തിനിടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഭീം ഒന്നാം സ്ഥാനത്തു എത്തിയെങ്കിലും പരാതികള്‍ക്ക് കുറവില്ല.
അതേസമയം, സ്വകാര്യ ബാങ്കുകളെല്ലാം ഭീം ആപ്പുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നെങ്കിലും പൊതുമേഖലാ ബാങ്ക് അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യാനാകാതെ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുകയാണ്.
ഇന്റര്‍നെറ്റ് ഇല്ലാതെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവുമെന്ന കേന്ദ്രത്തിന്റെ അവകാശവാദവും തെറ്റാണെന്ന് പറയുന്നു. ഒരു സര്‍ക്കാര്‍ ഉദ്യമത്തിന്റെ എല്ലാ ന്യൂനതകളും ആപ്ലിക്കേഷനില്‍ പ്രകടമാണെന്നും ഉപയോക്താക്കള്‍ കുറ്റപ്പെടുത്തുന്നു.
ഭീം ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ സാങ്കേതിക നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും പലര്‍ക്കും ഇടപാട് നടത്താനായില്ലെന്നും പരാതിയുണ്ട്.