ചന്ദ്രശേഖറിന്റെ ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു; പ്രഖ്യാപനം 15നെന്ന് സൂചന

ലഖ്നൗ: ചന്ദ്രശേഖര്‍ ആസാദിന്റെ ദലിത് സംഘടനയായ ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നതായി സൂചന. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനമായ മാര്‍ച്ച് 15ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ആഗ്രയില്‍ നടന്ന യോഗത്തിലാണ് ആസാദ് പാര്‍ട്ടി പ്രഖ്യാപന സൂചന നല്‍കിയത്. ജാതി വിവേചനത്തിനെതിരായും ദളിത് യുവതയുടെ വിദ്യാഭ്യാസ നേട്ടത്തിനുമായി രൂപീകരിച്ച സംഘടന രാഷ്ട്രീയ പാര്‍ട്ടിയാകുകയാണ്.

2022ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ആ സമയമാണ് സിഎഎ എന്ന ഭരണഘടന വിരുദ്ധ നിയമം നടപ്പാക്കിയത്. പൗരത്വ നിയമത്തിനെതിരെ പോരാടുക എന്നതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ പ്രധാനമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തനം തന്റെ ആഗ്രഹമായിരുന്നില്ലെന്നും പക്ഷേ സാഹചര്യങ്ങല്‍ നിര്‍ബന്ധിക്കുകയായരുന്നെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതോടെ മായാവതിയുടെ ബിഎസ്പി അങ്കലാപ്പിലായി. മുന്‍ എംഎല്‍എമാരും എംപിമാരുമടക്കമുള്ള ബിഎസ്പി നേതാക്കള്‍ ഭീം ആര്‍മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top