കൊച്ചി : എസ് ഹരീഷിന്റെ ‘മീശ’ നോവല്‍ വിവാദത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി പത്രത്തിലെ പരസ്യങ്ങള്‍ നിര്‍ത്തുന്നുവെന്ന് ഭീമ.
ഭീമ ജൂവലറി മാതൃഭൂമി പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ പരസ്യ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഭീമ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. മാതൃഭൂമിക്കെതിരെ സംഘപരിവാര്‍ സോഷ്യല്‍ മീഡിയില്‍ നടത്തിയ ആക്രമണം പത്രത്തിന് പരസ്യം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തിരിഞ്ഞതോടെയാണ് ഭീമ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
ഒരു മലയാളം ദിന പത്രത്തിൽ ഞങ്ങൾ പരസ്യം നൽകിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജിൽ കുറെ അധികം പേർ പരാമർശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങൾ വളരെ ഗൗരവ പൂർവം കാണുന്നു.
ഞങ്ങളുടെ പരസ്യങ്ങൾ എവിടെ ഏതു പത്രത്തിൽ എപ്പോൾ കൊടുക്കണം എന്ന് നിർദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജൻസിയാണ്. അവർ ആ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകൾ ഉദ്ധരിച്ചാണ്. പരസ്യങ്ങൾ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുൻകൂട്ടിക്കണ്ട് പരസ്യ ഏജൻസി പത്രങ്ങൾക്കു മുൻകൂർ നല്കിയിട്ടുള്ളതാണ്. ഭീമ 94 വർഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങൾ ഏറെ പ്രാധാന്യം നൽകി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളിൽ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഭീമ പിന്തുടരുന്നത്. നിങ്ങളുടെ ഉത്കണ്‌ഠയും നിങ്ങൾ ഞങ്ങളുടെ ഫേസ്ബുക് പേജിൽ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂർവം ഞങ്ങൾ ഞങ്ങളുടെ പരസ്യ ഏജൻസിയെ ഉടനടി അറിയിക്കുകയും. താൽകാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങൾ നിർത്തിവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്ന് ഭീമ ജുവല്ലേഴ്‌സ്