മുംബൈ: എഴുത്തുകാരനും മനുഷ്യവകാശ പ്രവര്‍ത്തകനുമായി ആനന്ദ് തെല്‍ത്തുംബഡേയെ പുണെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ദിവസം ആനന്ദ് തെല്‍ത്തുംബഡേയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പുണെ കോടതി തള്ളിയിരുന്നു. കേസില്‍ ആനന്ദ് തെല്‍ത്തുംബഡേയുടെ പങ്കാളിത്തം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്ന് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. തെല്‍ത്തുംബഡേയെ അറസ്റ്റ് ചെയ്തതായി പുണെ പോലീസ് അസിസ്റ്റന്‍ കമ്മീഷണര്‍ ശിവജി പവാര്‍ അറിയിച്ചു.
ഭീമ കൊരേഗാവ് സംഘര്‍ഷവുമായും അതിനുമുന്നോടിയായി എല്‍ഗാര്‍ പരിഷദ് എന്നപേരില്‍ നടന്ന ദളിത് കൂട്ടായ്മയുമായും ബന്ധമുണ്ടെന്നാരോപിച്ച് മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ റോണ വില്‍സണ്‍ ഉള്‍പ്പെടെ അഞ്ചുപേരെ ജൂണില്‍ പുണെ പോലീസ് അറസ്റ്റുചെയ്തിരുന്നു.ഇതിനൊപ്പം ആനന്ദ് തെല്‍ത്തുംബഡേയുടെ ഗവോയിലെ വസതിയില്‍ റെയ്ഡ് നടത്തുകയും മാവോവാദി ബന്ധം ആരോപിച്ച് കേസെടുക്കുകയും ചെയതിരുന്നു.