ചുവരെഴുത്തിനെ ചൊല്ലിയായിരുന്നു തര്‍ക്കം, എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചു ;മുഹമ്മദ്

Abhimanyu

കൊച്ചി : ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലയിലേക്കെത്തിച്ചതെന്ന് മുഖ്യപ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. എസ്എഫ്‌ഐ എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷം മുന്നില്‍ കണ്ട് പുറത്തുനിന്നുള്ളവര്‍ ക്യാമ്പ് ചെയ്തു. തര്‍ക്കമായപ്പോള്‍ കൊച്ചിന്‍ ഹൗസിലുള്ളവരെ അറിയിച്ചു. എസ്എഫ്‌ഐയെ പ്രതിരോധിക്കാനായിരുന്നു നിര്‍ദേശം ലഭിച്ചതെന്നും മുഹമ്മദ് പറഞ്ഞു.

അഭിമന്യു വധക്കേസില്‍ പിടിയിലായ മുഹമ്മദിനെ ചോദ്യം ചെയ്തുവരികയാണ്. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് സൂചന. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ്.

കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയാണ് മുഹമ്മദ്. കഴിഞ്ഞദിവസം അറസ്റ്റിലായ ആദില്‍ എന്നയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പൊലീസ് പിടികൂടിയത്.

മറ്റുപ്രതികളെ കാമ്പസിലേക്ക് വിളിച്ച് വരുത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത്. മറ്റുള്ളവര്‍ കൊലപാതകത്തിന് കൂട്ടുനിന്നവരാണ്.

Top