ഹെല്‍മെറ്റ് ധരിച്ചില്ല: പിഴ 250 രൂപ, ബിജെപി എംപിക്കും കിട്ടി എട്ടിന്റെ പണി

bjpmp

ബോപ്പാല്‍: ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ ബിജെപി എംപിക്ക് കിട്ടി എട്ടിന്റെ പണി. ബോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയായ അലോക് സന്‍ജാറിനാണ് ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ 250 രൂപ പിഴ അടയ്‌ക്കേണ്ടി വന്നത്. ബുധനാഴ്ചയാണ് നോട്ടീസ് കൈപ്പറ്റിയതെന്നും, തുടര്‍ന്ന് പിഴ അടച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് പൊലീസിനു ലഭിച്ച അഞ്ജാത ഫോണ്‍കോളാണ് എംപിക്കെതിരെ നോട്ടീസ് നല്‍കാന്‍ കാരണമായത്.

കഴിഞ്ഞ ദിവസം എം.എല്‍.എ സുരേന്ദ്രനാഥിനൊപ്പം ബോപ്പല്‍ സെന്‍ട്രലിലൂടെ ബൈക്കില്‍ യാത്ര ചെയ്തപ്പോഴാണ് എംപി അലോക് സന്‍ജാര്‍ ഹെല്‍മെറ്റ് ധരിക്കാതിരുന്നത്. ആദിശങ്കരാചര്യരുടെ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഏക്ദം യാത്ര’ എന്ന പരിപ്പാടിക്കിടെയാണ് സംഭവം.

അതേസമയം, ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് ഒരു അഞ്ജാത ഫോണ്‍കോളെത്തുകയും, ഉടന്‍ എംപിക്ക് എതിരെ നടപടി സ്വീകരിക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാണെന്നും, മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന് പിഴ ചുമത്തിയതെന്നും പൊലീസ് പറഞ്ഞു.

അദ്ദേഹം തന്റെ തെറ്റിനെതിരെ നേരത്തെ, ട്വിറ്ററിലൂടെ മാപ്പു ചോദിച്ചിരുന്നു. പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം “ഏക്ദം യാത്ര”യില്‍ പങ്കെടുത്തപ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ മാപ്പു ചോദിക്കുന്നുവെന്നും, അടുത്ത തവണ മുതല്‍ ശ്രദ്ധിച്ചോളാമെന്നുമായിരുന്നു അദ്ദേഹം കുറിപ്പിട്ടത്.

ഞാന്‍ തെറ്റ് ചെയ്തു, അതുകൊണ്ട് അതിന്റെ ശിക്ഷ ഏറ്റെടുക്കാനും തയാറാണെന്ന് അലോക് സന്‍ജാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നോട്ടീസ് വന്നപ്പോള്‍ ഞാന്‍ ഡല്‍ഹിയിലായിരുന്നു. അതുകൊണ്ടാണ് പിഴ ബുധനാഴ്ച അടക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top