ന്യൂഡല്‍ഹി: ഭോപ്പാലില്‍ എട്ട് സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് തൊട്ടടുത്ത് നിന്ന് വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഭോപ്പാലില്‍ നടന്നത് വ്യാജഏറ്റുമുട്ടലാണെന്ന വാദം ശക്തമായി ഉയരുന്നതിനിടയിലാണ് പൊലീസിനെ കുരുക്കിലാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
തിങ്കളാഴ്ചയായിരുന്നു ഭോപ്പാലില്‍ ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് വധിച്ചത്.
എല്ലാവരുടെയും അരക്ക് മുകളിലാണ് വെടിയേറ്റത്. ശരീരത്തിനുളളിലൂടെ വെടിയുണ്ട പുറത്തേക്ക് പോയി. ഇത് അടുത്ത് നിന്നാണ് വെടിയേറ്റതിന്റെ സൂചനയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയത്. സിമി പ്രവര്‍ത്തകര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തത് കണ്ടില്ലെന്നും കല്ലുകള്‍ എറിയുന്നത് മാത്രമാണ് കണ്ടതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.
സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നും വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈകോടതിയെ സമീപിക്കാനാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ തീരുമാനം.
അതിസുരക്ഷയുള്ള ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു കാവല്‍ക്കാരെ പരിക്കേല്‍പിച്ച് രണ്ട് വാച്ച്ടവറുകളിലുള്ളവരെയും വെട്ടിച്ച് എട്ടു തടവുകാര്‍ 30 മീറ്റര്‍ വരെ പൊക്കമുള്ള മതിലുകള്‍ ചാടിക്കടന്ന് രക്ഷപ്പെട്ടെന്നത് അവിശ്വസനീയമാണെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിയടക്കം രംഗത്ത് വന്നിരുന്നു
ജയിലില്‍ വെവ്വേറെ സെല്ലുകളില്‍ കഴിഞ്ഞിരുന്നവര്‍ ഒത്തൊരുമിച്ച് ജയില്‍ചാട്ട പദ്ധതി തയാറാക്കി കൂട്ടത്തോടെ പുറത്തുകടന്നതെങ്ങനെയെന്ന സംശയങ്ങള്‍ക്കും പൊലീസോ സര്‍ക്കാരോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
ഏറ്റുമുട്ടല്‍ വിശദീകരിക്കുന്ന മൂന്നു വിധത്തിലുള്ള വിഡിയോ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.