ഭോപ്പാല്‍: 1984 ഡിസംബർ രണ്ട് രാത്രി മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാൽ നഗരം വലിയൊരു ദുരിതത്തിലേയ്ക്ക് സഞ്ചരിച്ച ദിവസമാണ്.
മുപ്പത്തി മൂന്ന് വയസായിരിക്കുകയാണ് ഒരു ജനതയെ അന്ധകാരത്തിലാക്കിയ ആ ദുരിതത്തിന്.
ഭോപ്പാൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കീടനാശിനി നിർമാണശാലയായ യൂണിയൻ കാർബൈഡ് കമ്പനിയിൽ നിന്ന് 42 ടൺ മീഥൈൽ എെസോസയനേറ്റ് എന്ന വാതകം സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിൽ നിന്നും വാതകം ചോർന്നു.
കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും ഭോപ്പാൽ ജനതയെ ഇരുൾ മൂടിയ ജീവിതത്തിലേയ്ക്ക് തള്ളിവിടുകയും ചെയ്തു.
നിരവധി ആളുകൾ കൊല്ലപ്പെടുകയും, 5 ലക്ഷത്തിലധികം ആൾക്കാരെ നിത്യ രോഗികളാക്കുകയും ചെയ്ത ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവരെ പിടികൂടി.
ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.
ആ ദുരിതത്തിന്റെ ഏറ്റവും ക്രൂരമായ ഫലമാണ് ഭോപ്പാലിലെ സ്ത്രീകൾക്ക് അമ്മയാകാൻ കഴിയുന്നില്ലായെന്നത്.
ദുരന്തം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടുത്തെ സ്ത്രീകളിൽ വന്ധ്യത നിലനിൽക്കുന്നു.
ദുരിതത്തിന്റെ ഇരകളായ ഈ സ്ത്രീകൾക്ക് നിരവധി തവണ ഗര്‍ഭച്ഛിത്രമുണ്ടാകുന്നു.
നാളുകൾ കഴിഞ്ഞാലും വാതകത്തിന്റെ ആഘാതം ഇപ്പോഴും നിലനിൽക്കുന്നത് ജനങ്ങൾക്ക് ഭീഷണിയാണെന്നും, ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റഷീദ ബായ് പറഞ്ഞു.
വാതക ചോർച്ചയുടെ ഭാഗമായി പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതാ പ്രശ്‌നങ്ങളുണ്ടായെന്ന് ഭോപ്പാല്‍ ഗ്യാസ് പീഢിത് മഹിള ഉദ്യോഗ് സംഘതന്‍ കണ്‍വീനന്‍ അബ്ദുള്‍ ജബ്ബാര്‍ വ്യക്തമാക്കി.
അഥവാ ഇവിടുത്തെ സ്ത്രീകൾ പുതിയ തലമുറയ്ക്ക് ജന്മം നൽകിയാൽ, ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നത്.
ദുരന്തങ്ങൾ വിട്ടൊഴിയാതെ ഭോപ്പാൽ ദുരന്തത്തിന്‍റെ ഇരകൾ ഇന്നും ജീവിക്കുന്നു, എന്നെങ്കിലും ഈ ദുരിതത്തിൽ നിന്ന് മോചനം ലഭിക്കുമെന്ന് വിശ്വാസത്തിൽ.