‘കേന്ദ്രം ചെയ്യേണ്ടതു ചെയ്യാതെ ഹര്‍ജിയുമായി വരുന്നു’; ഭോപ്പാല്‍ ദുരന്തക്കേസില്‍ സുപ്രീം കോടതി

ഡൽഹി: ഭോപ്പാൽ വാതക ദുരന്തത്തിന് ഇരയായവർക്ക് അധിക നഷ്ടപരിഹാരം നൽകുന്നതിന് കമ്പനിയിൽനിന്നു കൂടുതൽ തുക ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. കോടതിക്ക് ഉറപ്പു നൽകിയിരുന്നതു പ്രകാരം ഇരകൾക്കായി ഇൻഷുറൻസ് പോളിസി ആവിഷ്‌കരിക്കാത്തതിന് കോടതി കേന്ദ്രത്തെ വിമർശിച്ചു. ഗുരുതരമായ അലംഭാവമാണ് സർക്കാരിന്റേതെന്ന് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.

വാതകദുരന്തത്തിന് കാരണക്കാരായ യൂണിയൻ കാർബൈഡ് പിന്നീട് ഏറ്റെടുത്ത കമ്പനികളിൽ നിന്ന് 7844 കോടി രൂപ അധികമായി ഈടാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം ഹർജി നൽകിയത്. 1984ലെ വാതക ദുരന്തത്തിൽ 3000 പേർ മരിച്ചത് അടക്കം ഒട്ടേറെ പേർ ദുരിതത്തിലായിരുന്നു.

അപര്യാപ്തതകൾ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം ക്ഷേമരാഷ്ട്രം എന്ന നിലയിൽ ഇന്ത്യയുടെ ഭരണകൂടത്തിന്റേതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനായി ഇൻഷുറൻസ് പോളിസികൾ ആവിഷ്‌കരിക്കണമായിരുന്നു. എന്നാൽ അങ്ങനെയൊന്നും കോടതിയെ അറിയിച്ചിട്ടില്ല. ഇത് ഗുരുതരമായ അലംഭാവമാണ്. പുനപ്പരിശോധനാ ഹർജിയിലെ വിധിയിൽ കോടതി ഇക്കാര്യം വ്യക്തമായി നിർദേശിച്ചിരുന്നതാണ്. സർക്കാർ ചെയ്യേണ്ട കാര്യം ചെയ്യാതെ കമ്പനിയിൽ ഉത്തരവാദിത്വം ഏൽപ്പിച്ച് ഹർജിയുമായി വരുന്നതു ശരിയല്ല- കോടതി പറഞ്ഞു.

നഷ്ടപരിഹാര കരാർ ഉണ്ടാക്കി രണ്ടു പതിറ്റാണ്ടിനു ശേഷം വീണ്ടും ഹർജിയുമായി വരുന്ന സർക്കാർ നടപടി യുക്തിയില്ലാത്തതാണ്. ആർബിഐയുടെ പക്കലുള്ള അൻപതു കോടി ശേഷിച്ച നഷ്ടപരിഹാര അപേക്ഷകളിൽ തൃപ്തികരമായ നടപടിയെടുക്കാൻ സർക്കാരിന് ഉപയോഗിക്കാം. കമ്പനിയിൽനിന്ന് അധിക തുക ഈടാക്കണമെന്ന സർക്കാർ വാദത്തിന് നിയമപരമായ നിലനിൽപ്പില്ലെന്നു കോടതി പറഞ്ഞു.

ഒരു ഒത്തു തീർപ്പു കരാർ ഒന്നുകിൽ സാധുവാണ്, അല്ലെങ്കിൽ വ്യാജമായതുകൊണ്ട് തള്ളിക്കളയേണ്ടതാണ്. ഇവിടെ വ്യാജമാണെന്നു സർക്കാരിനു പോലും വാദമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

Top