ഭോപ്പാല്‍: ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂറിന്റെ വീട്ടില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കത്ത് കണ്ടെത്തി. ഉറുദുവില്‍ എഴുതിയ കത്തിനൊപ്പം വിഷ രാസപദാര്‍ത്ഥവും ഉണ്ടായിരുന്നു. പ്രഗ്യ സിംഗിന്റെ വീട്ടിലുള്ള ജോലിക്കാരാണ് കത്ത് ആദ്യം കാണുന്നത്.
ഇതുസംബന്ധിച്ച് ഭോപ്പാല്‍ പോലീസില്‍ എംപി പരാതി നല്‍കി. അന്വേഷണത്തിനെത്തിയ പോലീസ് 3-4 കവറുകള്‍ എംപിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി.
പ്രഗ്യ സിംഗ് ഠാക്കൂര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ളതാണ് കത്ത്. ചിത്രങ്ങളുടെ മുകളില്‍ കുറുകെ വരഞ്ഞിട്ടുണ്ട്. എംപിയുടെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഭോപ്പാല്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഇര്‍ഷാദ് വാലി അറിയിച്ചു.
എംപി പ്രഗ്യ സിംഗ് ഠാക്കൂറിന് തപാലില്‍ ലഭിച്ച ജീവന് ഭീഷണിയുണര്‍ത്തുന്ന ഹാനികരമായ രാസപദാര്‍ഥമടങ്ങിയ കവര്‍ എന്ന കുറിപ്പോടെ തവിട്ടുനിറത്തിലുളള ഒരു കവറിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.